പുണെ : ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയ്ക്ക് പിന്നാലെ പ്രതികരിച്ച് രോഹിത് ശര്‍മ്മ. രണ്ടാം ടെസ്റ്റില്‍ ടീം തോറ്റതിന് പിന്നില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു. ആവശ്യത്തിന് റണ്‍സ് നേടാന്‍ ബാറ്റര്‍മാര്‍ക്ക് പറ്റിയില്ലെന്നും പിച്ചിന്റെ സ്വഭാവം പ്രവചിക്കാനാവില്ലെന്നും രോഹിത് മാധ്യമങ്ങളോടു പ്രതികരിച്ചു.
''ഒരിക്കലും പ്രതീക്ഷിക്കാത്തൊരു മത്സരഫലമായിരുന്നു ഇത്. ന്യൂസീലന്‍ഡിനാണ് എല്ലാ ക്രെഡിറ്റും. ഈ തോല്‍വിയില്‍ നിരാശയുണ്ട്. ചില അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടുപോയി. ആവശ്യമായ സ്‌കോര്‍ കണ്ടെത്താന്‍ ബാറ്റര്‍മാര്‍ക്കു സാധിച്ചില്ല. 20 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ മാത്രമാണു നമ്മള്‍ ഒരു കളി ജയിക്കുക. പുണെയിലെ പിച്ചിന്റെ സ്വഭാവം പ്രവചിക്കാന്‍ സാധിക്കാത്തതാണ്.''
''ആദ്യ ഇന്നിങ്‌സില്‍ കുറച്ചധികം റണ്‍സ് നേടാന്‍ ഇന്ത്യയ്ക്കു സാധിച്ചിരുന്നെങ്കില്‍, കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു. മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ ശ്രമിക്കും. ഇന്നു സംഭവിച്ചത് ഒരു കൂട്ടായ പരാജയമാണ്. അതില്‍ ബാറ്റര്‍മാരെയോ, ബോളര്‍മാരെയോ കുറ്റപ്പെടുത്താന്‍ താല്‍പര്യമില്ല.'' രോഹിത് ശര്‍മ വ്യക്തമാക്കി.