കൊളംബോ : ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും പിന്നീട് അടിതെറ്റുകയായിരുന്നു.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മികച്ച പ്രകടനം നടത്തിയത്. അക്‌സര്‍ പട്ടേല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരൊഴികെ ബാക്കി താരങ്ങളൊന്നും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല. മത്സരത്തില്‍ പരാജയപ്പെട്ടതില്‍ വളരെ അധികം വേദവനയുണ്ടെന്നും വ്യക്തിഗത സ്‌കോറുകള്‍ നോക്കുന്നില്ലെന്നും ഇതേപോലെ ബാറ്റ് ചെയ്യാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് രോഹിത് പറഞ്ഞത്.
'മത്സരത്തില്‍ എന്റെ ലക്ഷ്യത്തില്‍ വിട്ടുവീഴ്ച വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്പതോ നൂറോ നേടുക എന്നുള്ളത് എനിക്ക് പ്രശ്നമല്ല. ടീമിനുവേണ്ടി ഇതുപോലെ ബാറ്റ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്,' രോഹിത് മത്സരശേഷം പറഞ്ഞു.'മത്സരം പരാജയപ്പെട്ടത് വളരെയധികം വേദനിപ്പിക്കുന്നു. മത്സരത്തില്‍ സ്ഥിരതയോടെ കളിക്കണം. ഇന്ന് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ചെറിയ നിരാശയുണ്ട്. പക്ഷെ ഇതൊക്കെ ക്രിക്കറ്റില്‍ സംഭവിക്കുന്നതാണ്. കളിയുടെ റിസല്‍റ്റ് എന്താണെന്ന് മനസിലാക്കി പൊരുത്തപ്പെടണം' രോഹിത് കൂട്ടിച്ചേര്‍ത്തു.