മുംബൈ : ഇന്ത്യയുടെ ടി20 ലോകകപ്പ് നേടിയതിന് പിന്നില്‍ 3 നെടുംതൂണുകളാണെന്ന് തുറന്നു പഞ്ഞ് രോഹിത് ശര്‍മ്മ. സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ മികച്ച രാജ്യാന്തര താരത്തിനുള്ള പുരസ്‌കാരം നേടിയശേഷമാണ് ലോകകപ്പ് നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പേരെ രോഹിത് ശര്‍മ എടുത്തുപറഞ്ഞത്.
മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരാണ് ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നിലെ നെടുന്തൂണുകളെന്ന് രോഹിത് വ്യക്തമാക്കി. ലോകകപ്പ് നേട്ടത്തെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ലെന്നും ലോകകപ്പ് നേട്ടം ആരാധകര്‍ക്കൊപ്പം ആഘോഷിക്കാനായത് വലിയ സന്തോഷമെന്നും രോഹിത് പറഞ്ഞു. റെക്കോര്‍ഡുകളെക്കുറിച്ചോ മത്സരഫലത്തെക്കുറിച്ചോ ചിന്തിക്കാതെ നിര്‍ഭയരായി കളിക്കാന്‍ കളിക്കാരെ ഒരുക്കിയെടുക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. അതിന് എനിക്ക് ഈ മൂന്ന് പേരില്‍ നിന്ന് കിട്ടിയത് വലിയ പിന്തുണയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനായി മികവ് കാട്ടിയ താരങ്ങളെ മറക്കുന്നില്ല. പക്ഷെ അവര്‍ക്കൊപ്പം തന്നെ പ്രധാനമായിരുന്നു ഇവര്‍ മൂന്ന് പേരും നല്‍കിയ പിന്തുണയും. അതാണ് ഇപ്പോള്‍ ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമായതെന്ന് രോഹിത് പറഞ്ഞു.