രണ്ടു പതിറ്റണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യൻ ടെന്നീസ് ഇതിഹാസ താരം രോഹൻ ബൊപ്പണ്ണ. പാരിസ് ഒളിമ്പിക്സ് ഡബിൾസിൽ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. ഫ്രഞ്ച് സഖ്യത്തോടായിരുന്നു പരാജയം. ഇതിന് പിന്നാലെയാണ് ഇതിഹാസ താരം ഇന്ത്യൻ കുപ്പായത്തിൽ ഇനി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ചത്. ഇനി എടിപി സർക്യൂട്ടിൽ മത്സരങ്ങൾ ആസ്വദിക്കുമെന്നും 44-കാരൻ വ്യക്തമാക്കി.
“രാജ്യത്തിനായി ഞാൻ പങ്കെടുത്ത അവസാന ടൂർണമെന്റായിരിക്കുമിത്. ഞാൻ എവിടെ എത്തി നിൽക്കുന്നോ അത് എനിക്കൊരു ബോണസാണ്. രണ്ടു പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. 2002 ൽ അരങ്ങേറിയതു മുതൽ 22 വർഷം പിന്നിടുമ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു’ — ബൊപ്പണ്ണ പറഞ്ഞു. 2026 ലെ ഏഷ്യൽ ഗെയിംസിൽ നിന്നും താരം ഒഴിവായിട്ടുണ്ട്. കരിയറിലുടനീളം നേടിയ നേട്ടങ്ങൾക്ക് ഭാര്യയോടും താരം നന്ദി പറഞ്ഞിട്ടുണ്ട്. അവരുടെ ത്യാഗം മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2010 ലെ ഡേവിസ് കപ്പിൽ ബ്രസീൽ ഇതിഹാസം റിക്കാർഡോ മെല്ലോയ്‌ക്ക് എതിരെയുള്ള ജയമാണ് കരിയറിലെ അവിസ്മരണീയ മുഹൂർത്തമെന്ന് താരം അടിവരയിടുന്നത്.1996 ൽ അറ്റ്ലാൻഡ ഒളിമ്പികിസിൽ ലിയാണ്ടർ പേസ് സിംഗിൾസിൽ വെങ്കലം നേടിയതിന് ശേഷം ഇന്നുവരെ ടെന്നീസിൽ ഇന്ത്യക്ക് ഒരു മെഡൽ നേടാനായിട്ടില്ല. 2016 ൽ
ബൊപ്പണ്ണ- സാനിയ സഖ്യം മിക്സിഡ് ഡബിൾസിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായതാണ് വലിയ നേട്ടം.