ഇന്ത്യൻ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുക്കാൻ ഗൗതം ഗംഭീർ സമ്മതം അറിയിച്ചതായി റിപ്പോർട്ട്.ഇതിന്റെ ഭാഗമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു.
ഐപിഎൽ ഫൈനലിന് പിന്നാലെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി മുൻ ഇന്ത്യൻ താരവും നിലവിലെ കൊൽക്കത്തയുടെ മെന്ററും കൂടിയായ ഗംഭീർ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഗംഭീർ താൽപര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കൊൽക്കത്തയുടെ മെന്റർ സ്ഥാനം ഒഴിയണമെങ്കിൽ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന ഉറപ്പ് വേണമെന്ന് ഗംഭീർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇന്നാണ് പരിശീലകനാകാൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
രണ്ട് തവണ ഐപിഎല്ലിൽ കൊൽക്കത്തയെ വിജയിപ്പിച്ച ക്യാപ്റ്റനാണ് ഗൗതം ഗംഭീർ. മാത്രമല്ല, മികച്ച തിരിച്ചുവരവിലൂടെ 2024ൽ കൊൽക്കത്തയെ ഫൈനലിലെത്തിക്കാനും വിജയിപ്പിക്കാനും ഗംഭീറിന് കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് വ്യക്തമായി അറിയുന്ന ആളെയാണ് പരിശീലക സ്ഥാനത്ത് എത്തിക്കാൻ നോക്കുന്നതെന്ന് കഴിഞ്ഞ ദിവസം ജയ് ഷാ വ്യക്തമാക്കിയിരുന്നു.