പനാജി: കേരള ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോർട്ട്. ഐഎസ്എൽ 2022-23 സീസണിൽ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തിൽ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി.സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന് വുകോമനോവിച്ച് ഒരു കോടി രൂപ പിഴയൊടുക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
2023 മാർച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിന് ശേഷം മത്സരം പാതി വഴിയിൽ അവസാനിപ്പിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് താരങ്ങളുമായി മൈതാനം വിടുകയായിരുന്നു. സംഭവത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നാല് കോടി രൂപ ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴയായി ചുമത്തുകയും ചെയ്തിരുന്നു.
പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്‌ക്കേണ്ടത്.എന്നാൽ ബെംഗളൂരു എഫ്‌സിയുമായുള്ള വിവാദത്തിൽ തെറ്റ് ഇവാൻ വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാൽ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടർന്ന് ഇവാൻ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്.
ഏപ്രിൽ 26ന് ഇവാൻ വുകോമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചത്.ഇതോടെ ആരാധകരായ മഞ്ഞപ്പട ഏറെ നിരാശരായിരുന്നു.ആശാനോടുള്ള സ്നേഹം ആരാധകർ അറിയിക്കുകയും ചെയ്തിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സും വുകോമാനോവിച്ചും തമ്മിൽ പരസ്പര ധാരണയോടെയാണ് വേർപിരിയുന്നതെന്നാണ് മാനേജ്‌മെന്റ് അറിയിച്ചത്. ഐഎസ്എൽ 2023-24 സീസണിൽ സെമിഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായിരുന്നു.