രഞ്ജി ട്രോഫി: ആദ്യമത്സരത്തിൽ വെള്ളിയാഴ്ച പഞ്ചാബിനെ നേരിടും

ഇത്തവണ നോക്കൗട്ട് ഘട്ടത്തിലെത്തുകയാണ് ലക്ഷ്യം. മികച്ച ടീമാണ് കളിക്കുന്നത്.

author-image
Vishnupriya
New Update
ar

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നോക്കൗട്ട് കടമ്പ മറികടക്കാൻ ഇത്തവണ കേരളം. പുതിയ പരിശീലകൻ മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയയുടെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് കെ.സി.എ.യുടെ സ്റ്റേഡിയങ്ങളിൽ കഠിനപരിശീലനത്തിലാണ് ടീം. വെള്ളിയാഴ്ച തുമ്പ സെയ്‌ന്റ് സേവ്യേഴ്സ്-കെ.സി.എ. ഗ്രൗണ്ടിൽ പഞ്ചാബുമായാണ് കേരളത്തിന്റെ ആദ്യമത്സരം. 2022-ൽ മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനമത്സരത്തിൽ പരാജയപെട്ടതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകളെ തകർന്നു . 2023-ൽ കേരളത്തിന് പ്രതീക്ഷിച്ച മികവുപുലർത്താനായില്ല. 

മധ്യപ്രദേശ്, കർണാടക, ഹരിയാണ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ എന്നിവരുൾപ്പെട്ട എലൈറ്റ് ഗ്രൂപ്പ് സി-യിലാണ് കേരളം. കഴിഞ്ഞതവണത്തെ മുഷ്ത്താഖ് അലി ട്രോഫി ചാമ്പ്യന്മാരായ പഞ്ചാബ് രഞ്ജിയിലും ചാമ്പ്യന്മാരാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ഇറങ്ങുന്നത്. വസിം ജാഫറാണ് പഞ്ചാബിന്റെ പരിശീലകൻ. ഇന്ത്യൻ താരങ്ങളായ അർഷ്‌ദീപ് സിങ്‌, അഭിഷേക് ശർമ്മ എന്നിവർ ഇന്ത്യൻ ക്യാമ്പിലായത് പഞ്ചാബിനെ വലയ്ക്കുന്നുണ്ട്.

കുൽദീപ് യാദവ്, ധ്രുവ് ജുറൽ, റിങ്കുസിങ്‌, യഷ് ദയാൽ എന്നിവരുൾപ്പെട്ട ഉത്തർപ്രദേശും കരുത്തരാണ്. കർണാടകയും മധ്യപ്രദേശും മുൻചാമ്പ്യന്മാരാണ്.രോഹൻ കുന്നുമ്മൽ, കൃഷ്ണപ്രസാദ് ജോഡികളായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. വത്സൽ ഗോവിന്ദിനെയും ഓപ്പണറായി പരിഗണിച്ചേക്കും.

ഇത്തവണ നോക്കൗട്ട് ഘട്ടത്തിലെത്തുകയാണ് ലക്ഷ്യം. മികച്ച ടീമാണ് കളിക്കുന്നത്. രഞ്ജിയിൽ പരിചയസമ്പത്തുള്ളവരാണ് അതിഥിതാരങ്ങളായി എത്തുന്നത്. ടീമിനെ മികവുറ്റതാക്കാനുള്ള പിന്തുണയാണ് അമയ് ഖുറേസിയ എന്ന പരിശീലകൻ നൽകുന്നത്. കെ.സി.എലിൽനിന്നും വ്യത്യസ്തമായ ഫോർമാറ്റാണ് രഞ്ജി. അതുമായി പൊരുത്തപ്പെടാൻ കളിക്കാർക്ക് കഴിയും -സച്ചിൻ ബേബി

പരിചയസമ്പന്നനായ രോഹൻ പ്രേം വിരമിച്ചതോടെ ഇത്തവണ മൂന്നാമനായി മറ്റൊരാളെ പരീക്ഷിക്കേണ്ടിവരും. കഴിഞ്ഞ എട്ടുവർഷമായി കേരളത്തിനായി കളിക്കുന്ന ഓൾറൗണ്ടർ ജലജ് സക്സേന ഇത്തവണയും ടീമിലുൾപ്പെട്ടിട്ടുണ്ട്. കൂടാതെ തമിഴ്നാട് താരം ബാബ അപരാജിതും വിദർഭ താരം ആദിത്യ സർവതെയും കേരളത്തിനായിറങ്ങും. ബാറ്റിങ്ങിനുപുറമേ ടീമിന്റെ സ്പിൻ ആക്രമണത്തിന്റെ മൂർച്ചകൂട്ടാൻ മൂവരും സഹായിക്കുമെന്നാണ് ടീം മാനേജ്മെന്റിന്റെ വിലയിരുത്തൽ.

സച്ചിൻ ബേബി, ഫായിസ് ഫനൂസ്, അക്ഷയ് ചന്ദ്രൻ എന്നിവരെയും സ്പിന്നർമാരായി ഉപയോഗിക്കാം. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ പേസ് ആക്രമണത്തിനും നേതൃത്വം നൽകും. സ്പിന്നിനെ തുണയ്ക്കുന്ന രീതിയിലായിരിക്കും കേരളം തുമ്പയിലെ പിച്ചൊരുക്കുകയെന്നാണ് സൂചന.

സെപ്റ്റംബറിൽ കേരള ക്രിക്കറ്റ് ലീഗ് നടന്നതിനാൽ വളരെ കുറച്ചുദിവസം മാത്രമാണ് പരിശീലനത്തിന് ലഭിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ തുടങ്ങിയവർ കെ.സി.എലിൽ കാഴ്ചവെച്ച മികച്ച പ്രകടനം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ഇന്ത്യൻ ക്യാമ്പിലായതിനാൽ സഞ്ജു സാംസൺ ആദ്യമത്സരങ്ങളിൽ കേരളത്തിനായിറങ്ങില്ല. ടൂർണമെന്റിന് മുന്നോടിയായി ഝാർഖണ്ഡുമായിനടന്ന ചതുർദിന സൗഹൃദമത്സരത്തിൽ കേരളം ജയംനേടിയിരുന്നു.

 

cricket renji trophy