മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ രണ്ട് ഇതിഹാസ താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോലിയും.ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച് അതുല്യ റെക്കോഡുകളുമായി സച്ചിൻ പടിയിറങ്ങിയപ്പോൾ പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉണ്ടായിരുന്നുള്ളൂ...അതാണ് വിരാട് കോലി.ക്ലാസിക് ശൈലികൊണ്ട് വിസ്മയിപ്പിച്ച ഇരുവരും ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാൻമാരായി എക്കാലവും ഉണ്ടാവും. സച്ചിൻ ടെണ്ടുൽക്കർ സൃഷ്ടിച്ച പല അതുല്യ റെക്കോഡുകളും ഒരിക്കലും തകർക്കാൻ സാധിക്കാത്തതെന്നാണ് ആരാധകർ കരുതിയിരുന്നത്.
ഇതിലൊന്നായിരുന്നു സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ്. 49 സെഞ്ച്വറികളുമായി സച്ചിൻ ഏകദിനത്തിൽ സൃഷ്ടിച്ച അതുല്യ റെക്കോഡിനെ ഒരിക്കലും ആരും തകർക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും വിരാട് കോലി ഈ റെക്കോഡ് തകർത്തു. ഏകദിനത്തിൽ 50 സെഞ്ച്വറികൾ കോലി ഇതിനോടകം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഇനി കോലി ലക്ഷ്യമിടുന്നത് സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡാണ്. ഈ റെക്കോഡ് കോലിക്ക് തകർക്കാനാവുമോ? സാധിക്കുമെന്ന് തന്നെ വിലയിരുത്താം.
ഇതിന് ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ കാര്യം കോലിയുടെ ഫിറ്റ്‌നസ് തന്നെയാണ്. അസാധ്യ ഫിറ്റ്‌നസുള്ള താരമാണ് കോലി. കരിയറിലുടെനീളം ഫിറ്റ്‌നസിന്റെ കാര്യത്തിൽ കോലി ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. കോലി ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യൻ ടീമിന്റെ ഫിറ്റ്‌നസിന്റെ നിലവാരം തന്നെ മാറിയിരുന്നു. കോലിയുടെ പ്രായം 35 വയസാണ്. ഇനിയും അഞ്ച് വർഷമെങ്കിലും കളിക്കാൻ കോലിക്ക് സാധിക്കും.
നിലവിൽ 80 സെഞ്ച്വറികൾ കോലിയുടെ പേരിലുണ്ട്. മൂന്ന് ഫോർമാറ്റിലും കളിച്ചിരുന്ന കോലി ഇപ്പോൾ ടി20യിൽ നിന്ന് വിരമിച്ചിട്ടുണ്ട്. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും കോലി കളി തുടരുന്നുണ്ട്. 20 സെഞ്ച്വറിയകലെ കോലിക്ക് സച്ചിന്റെ റെക്കോഡിനൊപ്പമെത്താം. അഞ്ച് വർഷത്തോളം കരിയറിൽ തുടരാനായാൽ കോലിക്ക് സച്ചിന്റെ സെഞ്ച്വറി റെക്കോഡ് മറികടക്കാൻ സാധിക്കുമെന്ന് തന്നെ പറയാം.
രണ്ടാമത്തെ കാര്യം കോലിയുടെ സാങ്കേതികമായ മികവാണ്. കോലിയുടെ കരിയറിലൂടെ സഞ്ചരിക്കുമ്പോൾ സ്ഥിരതയോടെ കളിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഈ വർഷത്തെ കോലിയുടെ കണക്കുകൾ അൽപ്പം മോശമാണെന്നതാണ് വസ്തുത. എന്നിരുന്നാൽ തന്നെ തിരിച്ചുവരാൻ ശേഷിയുള്ള താരമാണ് കോലി. സാങ്കേതികമായി ഇപ്പോഴും ഉയർന്ന നിലവാരത്തിൽ നിൽക്കാൻ കോലിക്ക് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
സ്പിന്നിനെതിരേ കോലിയുടെ സമീപകാല പ്രകടനം അൽപ്പം മോശമാണ്. 2020ന് ശേഷം കോലിയുടെ സ്പിന്നിനെതിരായ കണക്കുകൾ മോശമാണ്. അവസാനത്തെ ശ്രീലങ്കൻ പരമ്പരയിൽ കോലി സ്പിന്നിനെതിരേ പതറുന്നതാണ് കാണാനായത്. എന്നാൽ ഈ പ്രതിസന്ധിയേയും മറികടക്കാൻ കഴിവുള്ള സാങ്കേതിക തികവ് കോലിക്കുണ്ട്. കോലി പുതിയ സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ വിദേശ മൈതാനങ്ങളിലടക്കം കോലി പഴയ മികവ് ഇപ്പോഴും തുടരുന്നു.
ഇതും കോലി സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകർക്കാനുള്ള സാധ്യത ഉയർക്കുന്നതാണ്. മൂന്നാമത്തെ കാര്യം മാനസികമായ കരുത്തും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ഇഷ്ടവുമാണ്. മാനസികമായി കോലിയെ തളർത്തുക പ്രയാസമാണ്. കരിയറിൽ തിരിച്ചടി നേരിട്ട് താഴോട്ട് പോയപ്പോഴും ശക്തമായി തിരിച്ചുവരാൻ കോലിക്ക് സാധിച്ചു. രണ്ട് വർഷത്തിലധികം മോശം ഫോം കോലിയെ വേട്ടയാടിയിരുന്നു. എന്നാൽ ഈ പ്രതിസന്ധിയേയും കോലി മറികടന്നു.
ഇനിയും ഏകദിന ലോകകപ്പടക്കം കളിക്കാനുള്ള ബാല്യം കോലിയിൽ ശേഷിക്കുന്നുണ്ട്. സച്ചിനെക്കാൾ കൂടുതൽ പ്രായംവരെ ക്രിക്കറ്റിൽ തുടരാൻ കോലിക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ കോലി സച്ചിന്റെ സെഞ്ച്വറി റെക്കോഡുകൾ തകർക്കുമെന്ന് തന്നെ വിലയിരുത്താം. പരിക്ക് ഭീഷണിയാവാത്ത പക്ഷം കോലി സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് തകർക്കുമെന്ന് തന്നെ പറയാം.