കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻനിര ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഐഎസ്എല്ലിൽ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്.പല സീസണിലും മികച്ച പ്രകടനങ്ങളോടെ കൈയടി നേടിയിട്ടുണ്ട്.എല്ലാ സീസണിലും വലിയ കിരീട പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ച്ചവെയ്ക്കുമെങ്കിലും അവസാനം നിരാശയാണ് ഫലം.എന്നാൽ എല്ലാ പ്രതിസന്ധിയിലും ടീമിനെ പിന്തുണക്കുന്ന വലിയൊരു വിഭാഗം ആരാധകരായ മഞ്ഞപ്പടയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത്.
ഐഎസ്എല്ലിന്റെ പുതിയ സീസണിന് മുമ്പ് ബ്ലാസ്‌റ്റേഴ്‌സ് വലിയൊരു നീക്കത്തിന് തയ്യാറെടുത്തിരുന്നു.മുൻ ഇറ്റാലിയൻ സൂപ്പർ താരം മരിയോ ബലോട്ടലിയെ ഒപ്പം കൂട്ടാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ഇത് സംബന്ധിച്ച പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ബലോട്ടലി ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാൻ തയ്യാറായിരുന്നിട്ടും സൂപ്പർ താരത്തെ വാങ്ങാൻ ടീം വിസമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം.ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ച തീരുമാനമായിരുന്നു ഇത്.എന്നാൽ ഇതിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളാണുള്ളത്.
മരിയോ ബലട്ടോലിയെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കാൻ തയ്യാറാകാത്തതിന്റെ പ്രധാന കാരണം അദ്ദേഹത്തിന്റെ മോശം സ്വഭാവമാണെന്ന് പറയാം. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനാണ് ബലോട്ടലി.മികച്ച റെക്കോഡുള്ള താരമാണെങ്കിലും കരിയറിലെ മികച്ച പ്രകടനങ്ങളോടൊപ്പം നിരവധി വിവാദങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്.ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിയാൽ ബലോട്ടലി വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് മാനേജ്മെന്റിന് ആശങ്കയുണ്ട്.
2012 യൂറോയിലെ പ്രകടനങ്ങൾക്ക് പേരുകേട്ട 34 കാരനായ ബലോട്ടലി അടുത്തിടെയാണ് ടർക്കിഷ് ക്ലബ് അദാന ഡെമിർസ്‌പോറുമായുള്ള കരാർ അവസാനിപ്പിച്ചത്.എന്നാൽ ഡെമിർസ്‌പോർ ടീമിലായിരുന്നപ്പോൾ ഡ്രസ്സിംഗ് റൂമിൽ പടക്കം പൊട്ടിച്ചതിനടക്കം ബലോട്ടലി വിമർശനങ്ങൾ നേരിട്ടിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിലും ലിവർപൂളിലും അദ്ദേഹത്തിൻ്റെ പേരിൽ നിരവധി വിവാദങ്ങളുണ്ട്.ഇതൊക്കെയാണ് മാനേജ്മെന്റിന്റെ ആശങ്കയ്ക്ക് കാരണം.
പുതിയ വിവാദങ്ങൾ നേരിടുക നിലവിലെ സാഹചര്യത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് പ്രയാസമാണ്.ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ ഉണ്ടായ തർക്കവും പിന്നീട് പാതി വഴിയിൽ കളി അവസാനിപ്പിച്ചതുമെല്ലാം സാമ്പത്തികമായി വലിയ നഷ്ടം ബ്ലാസ്‌റ്റേഴ്‌സിനുണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെ ബലോട്ടലി വരുന്നത് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും സാമ്പത്തികമായി ടീമിനത് കൂടുതൽ ബാധ്യതയുണ്ടാക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഭയപ്പെട്ടു. ഇതാണ് കരാറിലേക്കെത്താത്തതിന്റെ പ്രധാന കാരണം.
മുൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ ബലോട്ടലിയുടെ മോശം സ്വഭാവം കാരണം ഇപ്പോൾ പ്രധാന ടീമുകളെല്ലാം തഴഞ്ഞിരിക്കുകയാണ്. സിറ്റിയെ കൂടാതെ ഇന്റർ മിലാൻ, എസി മിലാൻ, ലിവർപൂൾ, മാഴ്‌സലേ തുടങ്ങിയ വമ്പന്മാർക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് ബലോട്ടലി. 34കാരനായ താരത്തിന് ഇപ്പോഴും മികച്ച ഫിറ്റ്‌നസുണ്ട്. ഇനിയും മികച്ച പ്രകടനങ്ങൾ നടത്താനുള്ള കഴിവും ബലോട്ടലിക്കുണ്ട്. എന്നാൽ സാധാരണ വിദേശ താരത്തെ കൊണ്ടുവരുന്നത് പോലെ ബലോട്ടലിയെ കൊണ്ടുവരിക എളുപ്പമാവില്ല.
ഉയർന്ന പ്രതിഫലം തന്നെ താരത്തിന് നൽകേണ്ടതായി വരും. ഇത് ഏറ്റെടുക്കാൻ നിലവിൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറല്ല. കോടികൾ മുടക്കി ബലോട്ടലിയെ വാങ്ങുന്നത് ടീമിന് ബാധ്യതയാവുമെന്നാണ് ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നത്. ഇപ്പോൾ ഇത്തരമൊരു സാഹസത്തിന് മുതിരാൻ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് താൽപര്യമില്ല. അതുകൊണ്ടുതന്നെ ബലോട്ടലിയെ ടീമിലേക്കെത്തിക്കേണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് തീരുമാനിക്കുകയായിരുന്നു.
അതെസമയം പുതിയ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ തുടക്കം മോശമല്ല. പഞ്ചാബിനോട് 2-1ന് തോറ്റപ്പോൾ ഈസ്റ്റ് ബംഗാളിനെ 2-1ന് തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സിനായി. അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 1-1 സമനില വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളം വിട്ടത്. ആരാധകരെ തൃപ്തിപ്പെടുത്ത പ്രകടനമാണ് പുതിയ പരിശീലകന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. എന്നാൽ ഫിനിഷിങ്ങിൽ ഇനിയും മികവ് കാട്ടേണ്ടതായുണ്ട്. ഇത്തവണ കപ്പിലേക്കെത്താൻ ബ്ലാസ്റ്റേഴ്‌സിനാവുമോയെന്ന് കണ്ടറിയാം.