ബെംഗളൂരു: തുടർച്ചയായ അഞ്ചാം ജയത്തോടെ ടൂർണമെന്റിൽ ചുവടുറപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിനാണ് ആർസിബിയുടെ വിജയം നേടിയത്. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ അഞ്ചാമതായി. തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകകളിൽ ഡൽഹി ആറാം സ്ഥാനത്താണ്.
ബെംഗളൂരു ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 19.1 ഓവറിൽ റൺസിൽ 140 അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ യഷ് ദയാൽ, രണ്ടു വിക്കറ്റെടുത്ത ലോക്കി ഫർഗൂസൺ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, കാമറൂൺ ഗ്രീൻ എന്നിവരടങ്ങിയ ബോളിങ് തന്നെയാണ് ബെംഗളൂരുവിന് വെടിക്കെട്ട് വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ അക്ഷർ പട്ടേൽ (39 പന്തിൽ 57) അർധസെഞ്ചറി അടിച്ചെടുത്തെങ്കിലും വിഫലമായി.
ബെംഗളൂരുവിനെ അവസാന ഓവറുകളിൽ ഡൽഹി അടിച്ചു വീഴ്ത്തുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. അർധസെഞ്ചറി നേടിയ രജത് പാട്ടീദാർ (32 പന്തിൽ 52), വിൽ ജാക്സ് (29 പന്തിൽ 41), കാമറൂൺ ഗ്രീന്‍ (24 പന്തിൽ 32*) എന്നിവരാണ് ബെംഗളൂരുവിൽ തിളങ്ങിയത്.