ബെംഗളൂരു : ഐ.പി.എല്‍ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്ന പേരില്‍ മാറ്റം വരുത്തി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്ന പേരിലായിരിക്കും ഇനി ടീം അറിയപ്പെടുന്നത്. പേരില്‍ മാത്രമല്ല ടീമിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജഴ്‌സിയില്‍ ചുവപ്പും കറുപ്പും നിറത്തിന് പകരും ചുവപ്പും കടുംനീല നിറവുമാക്കി. ചൊവ്വാഴ്ച വൈകിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ജഴ്‌സിയും പേരും അവതരിപ്പിച്ചത്.
പേരുമാറ്റ പ്രഖ്യാപനച്ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ബാറ്റിങ് താരം വിരാട് കോലി, വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ സന്നിഹിതരായി. കഴിഞ്ഞ ദിവസം അവസാനിച്ച വനിതാ പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂരായിരുന്നു കിരീടം ചൂടിയത്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരാജയപ്പെടുത്തിയത്.
ടീമിന്റെ പേരുമാറ്റം അറിയിച്ചുകൊണ്ടും പുതിയ ലോഗോയുടെ ചിത്രം പങ്കുവെച്ചുകൊണ്ടും റോയല്‍ ചലഞ്ചേഴ്സ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു: 'ഞങ്ങള്‍ ഇഷ്ടപ്പെടുന്ന നഗരം, ഞങ്ങള്‍ പുണരുന്ന പൈതൃകം, ഇത് പുതിയ അധ്യായത്തിനുള്ള സമയം നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു, നിങ്ങളുടെ ടീം, നിങ്ങളുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ആര്‍.സി.ബി.'
പേരുമാറ്റം സൂചിപ്പിച്ച് ഒരാഴ്ചയായി ആര്‍ബിബിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ വഴി പ്രമോഷന്‍ പരിപാടികളുമുണ്ടായിരുന്നു. ഐപിഎലില്‍ ടീമിന്റെ പേര് മാറുന്നത് ഇതാദ്യമല്ല. മൂന്ന് വര്‍ഷം മുമ്പ് കിങ്‌സ് ഇലവന്‍ പഞ്ചാബ്, പഞ്ചാബ് കിങ്‌സായി മാറി, ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ ഫ്രാഞ്ചൈസിയിലെ നിക്ഷേപത്തെ തുടര്‍ന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ആയി മാറി.