റാവല്‍പിണ്ടി ടെസ്റ്റ്: പിടിമുറുക്കി പാകിസ്താന്‍

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 267 റണ്‍സിന് മറുപടിയായി പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 344 റണ്‍സിന് ഓള്‍ഔട്ടായി. 77 റണ്‍സിന്റെ ലീഡുമായാണ് പാകിസ്താന്‍ കളംവിട്ടത്.

author-image
Prana
New Update
pakistan ravalpindi test

റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 267 റണ്‍സിന് മറുപടിയായി പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സില്‍ 344 റണ്‍സിന് ഓള്‍ഔട്ടായി. 77 റണ്‍സിന്റെ ലീഡുമായാണ് പാകിസ്താന്‍ കളംവിട്ടത്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ തെറിച്ചു. റാവല്‍പിണ്ടിയിലെ രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ കളിയവസാനിപ്പിച്ചത്.
മൂന്ന് റണ്‍സുമായി ഹാരി ബ്രൂക്കും അഞ്ച് റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. സാക് ക്രോളി (2), ബെന്‍ ഡക്കറ്റ് (12), ഒലി പോപ്പ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്. നോമാന്‍ അലി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സാജിദ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ പാകിസ്താന്‍ 344 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. സൗദ് ഷക്കീലിന്റെ സെഞ്ച്വറിപ്രകടനവും വാലറ്റത്ത് നോമാന്‍ അലിയും സാജിദ് ഖാനും നടത്തിയ ചെറുത്തു നില്‍പ്പുമാണ് പാക് പടയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗദ് ഷക്കീല്‍ 134 റണ്‍സെടുത്ത് പാകിസ്താന്റെ ടോപ് സ്‌കോററായി. സാജിദ് ഖാന്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ നോമാന്‍ അലി 45 റണ്‍സ് നേടി. മുഹമ്മദ് റിസ്വാന്‍ 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 26 റണ്‍സ് സ്വന്തമാക്കി.

Pakistan vs england cricket test