രഞ്ജി ട്രോഫി: ലീഡ് വഴങ്ങിയിട്ടും ജയിച്ചുകയറി കേരളം

രഞ്ജി ട്രോഫിയില്‍ ആദ്യ ദിനം ഭൂരിഭാഗവും മഴ മുടക്കിയ കളിയുടെ നാലാം ദിവസം ഉജ്ജ്വലമായി തിരിച്ചുവന്ന കേരളം അവിസ്മരണീയമായി വിജയം പിടിച്ചെടുക്കുകയായിരുന്നു.

author-image
Prana
New Update
ranji kerala

രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയതോടെ വിലപ്പെട്ട പോയന്റ് കൈവിട്ടെന്ന് കരുതിയ കളിയില്‍ ഉജ്ജ്വലമായി തിരിച്ചുവന്ന കേരളം പഞ്ചാബിനെതിരെ മിന്നും വിജയം സ്വന്തമാക്കി. ആദ്യ ദിനം ഭൂരിഭാഗവും മഴ മുടക്കിയ കളിയുടെ നാലാം ദിവസം കേരളം അവിസ്മരണീയമായി വിജയം പിടിച്ചെടുക്കുകയായിരുന്നു. കേരളത്തിനായി ഈ സീസണില്‍ കളിക്കാനെത്തിയ മറുനാടന്‍ താരം ആദിത്യ സര്‍വാതെയാണ് രണ്ടാം ഇന്നിങ്‌സിലും പഞ്ചാബിനെ തകര്‍ത്തത്.
രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടവുമായി കേരളത്തിന് സ്വപ്‌നതുല്യമായ തുടക്കമാണ് സര്‍വാതെ സീസണില്‍ സമ്മാനിച്ചത്. മൂന്നിന് 23 എന്ന സ്‌കോറുമായി നാലാം ദിനം തുടങ്ങിയ പഞ്ചാബിനെ വേഗത്തില്‍ ആള്‍ഔട്ടാക്കിയാണ് കേരളം കളി തിരിച്ചുപിടിച്ചത്. 142 റണ്‍സിന് പഞ്ചാബിനെ രണ്ടാം ഇന്നിങ്‌സില്‍ കേരളം പുറത്താക്കി. വിജയലക്ഷ്യമായ 158 റണ്‍സ് കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം അടിച്ചെടുത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മലാണ് കളി ടോപ്ഗിയറിലാക്കിയത്. 36 പന്തില്‍ 48 റണ്‍സെടുത്ത രോഹന്‍ പുറത്തായപ്പോഴേക്കും കേരളം വിജയട്രാക്കിലെത്തിയിരുന്നു.
ജയിക്കാന്‍ 10 റണ്‍സ് മാത്രം ബാക്കി നില്‍ക്കെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(56) പുറത്തായെങ്കിലും ബാബ അപരാജിതിനൊപ്പം(39) സല്‍മാന്‍ നിസാറും(7) ചേര്‍ന്ന് വിജയത്തിലെത്തിച്ചു. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ 15 റണ്‍സ് ലീഡുവഴങ്ങിയിരുന്നു കേരളം. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കേരളം ലെഗ് സ്പിന്നര്‍ മായങ്ക് മര്‍ക്കണ്ഡേക്കുമുന്നില്‍ തകരുകയായിരുന്നു. 37 റണ്‍സുമായി പുറത്താകാതെ നിന്ന മായങ്ക് കേരളത്തിന്റെ ആറുവിക്കറ്റും വീഴ്ത്തി. സ്‌കോര്‍ പഞ്ചാബ്: 194, 142. കേരളം 179, 158/2

 

kerala punjab ranji trophy