രഞ്ജിട്രോഫി: കേരളം ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസണെ നിലവില്‍ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

author-image
Prana
New Update
kerala

കേരള ടീം ഇനി രഞ്ജി ട്രോഫി ക്രിക്കറ്റ് ആവേശത്തിലേക്ക്. സീസണിലെ ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തെ സ്വന്തം ഗ്രൗണ്ടില്‍ കേരളം പഞ്ചാബിനെ നേരിടും. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസണെ നിലവില്‍ രഞ്ജി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
കേരള ക്രിക്കറ്റ് ലീഗില്‍ ഹീറോയായ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. സച്ചിന്‍ ബേബി, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, ബാബ അപരാജിത്, ജലജ് സക്‌സേന എന്നിവരടങ്ങിയതാണ് കേരളത്തിന്റെ ബാറ്റിങ് നിര. ഓള്‍ റൗണ്ടര്‍ ആദിത്യ സര്‍വാതെയും ബേസില്‍ തമ്പി, കെ എം ആസിഫ് തുടങ്ങിയവര്‍ അണി നിരക്കുന്ന ബൗളിങ് നിരയും കൂടിയാകുമ്പോള്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം. കഴിഞ്ഞ സീസണില്‍ ബംഗാളിനെതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്. ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകന്‍.
ഈ സീസണില്‍ കേരളത്തിന്റെ നാല് മത്സരങ്ങള്‍ക്കാണ് കേരളം വേദിയാവുക. പഞ്ചാബിന് പുറമെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ ടീമുകളാണ് മത്സരങ്ങള്‍ക്കായി തിരുവനന്തപുരത്തെത്തുക. ഇതില്‍ ബിഹാര്‍ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച ശ്രദ്ധേയ താരങ്ങളാല്‍ സമ്പന്നമാണ്. ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ജേതാക്കളാണ്.

kerala punjab ranji trophy