രഞ്ജി ട്രോഫി സി ഗ്രൂപ്പിലെ ബംഗാളിനെതിരായ മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ച് ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും. ഇരുവരുടെയും അര്‍ധസെഞ്ചുറി പ്രകടനത്തില്‍ കേരളം മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 102 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് എന്ന നിലയിലെത്തി.
162 പന്തില്‍ 12 ഫോറുകള്‍ സഹിതം 84 റണ്‍സാണ് ജലജ് സക്‌സേനയുടെ സമ്പാദ്യം. 205 പന്തിലാണ് സല്‍മാന്‍ നിസാര്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ആറു ഫോറുകളാണ് സല്‍മാന്‍ നിസാര്‍ അടിച്ചെടുത്തത്. മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ സല്‍മാന്‍ നിസാറും അസ്ഹറുദ്ദീനുമാണ് ക്രീസിലുള്ളത്. 48 പന്തില്‍ അഞ്ചുഫോറുകളോടെ 30 റണ്‍സാണ് അസ്ഹറുദ്ദീന്റെ സമ്പാദ്യം. ഇഷാന്‍ പോറലാണ് കേരളത്തെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 24 ഓവര്‍ എറിഞ്ഞ ഇഷാന്‍ പോറല്‍, 83 റണ്‍സ് വഴങ്ങി ഇതുവരെ അഞ്ചുവിക്കറ്റ് വീഴ്ത്തി. സൂരജ് സിന്ധു ജയ്‌സ്വാളും പ്രദീപ്ത പ്രമാണിക്കും ഓരോ വിക്കറ്റുവീതം വീഴ്ത്തി.
നേരത്തെ കനത്ത മഴമൂലം ഓന്നാംദിനം പൂര്‍ണ്ണമായും നഷ്ടമായി. രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ കേരളം നാലുവിക്കറ്റ് നഷ്ടത്തില്‍ 51 എന്ന നിലയിലായിരുന്നു. രണ്ടാം ദിനം 15 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.