മഴ; ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു

മത്സരം നടക്കാനിരുന്ന ബെംഗളൂരുവില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ടോസ് പോലും ഇടാനാവാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. /സ്‌പോര്‍ട്‌സ്

author-image
Prana
New Update
rain in bangalore

ഇന്ത്യ-ന്യൂസിലാന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. മത്സരം നടക്കാനിരുന്ന ബെംഗളൂരുവില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ടോസ് പോലും ഇടാനാവാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. മത്സരത്തിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ മത്സരം ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ബുധനാഴ്ച 9.30നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ തുടര്‍ന്നതോടെയാണ് ആദ്യ ദിവസത്തെ മത്സരം വേണ്ടെന്നുവെച്ചത്. കനത്ത മഴയെ അവഗണിച്ചും കളി കാണാന്‍ നിരവധി പേര്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.
ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസവും മഴമൂലം മത്സരം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മികച്ച വിജയം കരസ്ഥമാക്കാനാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. കിവീസിനെ തോല്‍പ്പിച്ച് പോയിന്റ് നേടിയാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയുണ്ട്. അടുത്ത വര്‍ഷം ജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

rain India vs New Zealand bangalore cricket test