ലക്‌നൗ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തില്‍ പങ്കെടുക്കാനുറച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ ക്യാപ്റ്റനായ രാഹുല്‍ അടുത്ത സീസണില്‍ ക്ലബ്ബില്‍ കളിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായി. തന്നെ നിലനിര്‍ത്തേണ്ടതില്ലെന്ന് രാഹുല്‍ ലക്‌നൗ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍. ഫ്രാഞ്ചൈസിയുടെ ഭാഗത്തു നിന്ന് ഓഫര്‍ വന്നാലും അതു സ്വീകരിക്കില്ലെന്ന് രാഹുല്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചു.
എല്‍എസ്ജി മെന്ററായ സഹീര്‍ ഖാനും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനും രാഹുല്‍ ടീമിനെ നയിക്കുന്നതിനോടു താല്‍പര്യമില്ല. കഴിഞ്ഞ സീസണില്‍ രാഹുല്‍ നന്നായി ബാറ്റു ചെയ്ത മത്സരങ്ങളിലെല്ലാം ലക്‌നൗ തോറ്റതായി ടീം മാനേജ്‌മെന്റ് വിലയിരുത്തിയിരുന്നു.
നിലയുറപ്പിക്കാന്‍ ഒരുപാടു പന്തുകള്‍ ആവശ്യമായി വരുന്ന രാഹുലിന്റെ ബാറ്റിങ് ശൈലി ട്വന്റി20 ക്രിക്കറ്റിനു യോജിച്ചതല്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലക്‌നൗവിനൊപ്പം തുടരാനില്ലെന്ന തീരുമാനത്തില്‍ രാഹുലെത്തിയത്.