ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നിൽ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡെന്ന് ഇന്ത്യൻ മുൻ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ മുതിർന്ന താരങ്ങൾ വിശ്രമം എടുത്തു. പരിക്കേറ്റ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ഇന്ത്യൻ ടീമിലേക്ക് വരാനും സാധിച്ചില്ല. ഇതോടെ പുതിയ നായകനെ കണ്ടെത്തേണ്ട സ്ഥിതിയിലെത്തി. ഈ സാഹചര്യത്തിലാണ് അന്നത്തെ ഇന്ത്യൻ ടീമിന്റെ പരിശീലകനായ ദ്രാവിഡിന്റെ നിർദ്ദേശം വന്നതെന്നും മാംബ്രെ പ്രതികരിച്ചു.
ട്വന്റി 20യിൽ ഇന്ത്യൻ നായകനായി സൂര്യകുമാർ യാദവിനെ നിർദ്ദേശിച്ചത് രാഹുൽ ദ്രാവിഡായിരുന്നു. എന്നാൽ മുമ്പ് ക്യാപ്റ്റൻസി പരിചയമില്ലാത്ത സൂര്യയുടെ കഴിവിൽ പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ സൂര്യയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. പിന്നാലെ ദക്ഷിണാഫ്രിക്കയിലും നടന്ന ട്വന്റി 20 പരമ്പരയിലും സൂര്യ ഇന്ത്യൻ ടീമിന്റെ നായകനായി. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങളുടെ ബഹുമാനം നേടാൻ സൂര്യക്ക് കഴിഞ്ഞിതായും പരസ് മാംബ്രെ പറഞ്ഞു.
യുവതാരങ്ങളുമായി സൂര്യകുമാർ മികച്ച സൗഹൃദം പുലർത്തി. ആർക്കും എപ്പോഴും സമീപിക്കാവുന്ന താരമാണ് സൂര്യകുമാർ. എല്ലാവരും ക്യാപ്റ്റനുമായി സംസാരിക്കാൻ കൂടുതൽ താൽപര്യം കാണിച്ചു. 33കാരനായ സൂര്യക്ക് ഇനി കുറഞ്ഞത് നാല് വർഷമെങ്കിലും ട്വന്റി 20 ക്രിക്കറ്റിൽ തുടരാനാവും. അതിനാൽ അടുത്ത ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ താരം യോഗ്യനെന്നും പരസ് മാംബ്രെ വ്യക്തമാക്കി.