ഇന്ത്യൽ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനും മുൻ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്തിന്റെ ഇന്ത്യൽ ദേശീയ ടീം പ്രവേശനത്തിന്റെ പ്രഖ്യാപനം മുതൽ വലിയ ആവേശത്തിലാണ് ആരാധകർ.ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന അനൗദ്യോഗിക ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ അണ്ടർ 19 ടീമിലാണ് 18 കാരനായ സമിത്തിനെ ഉൾപ്പെടുത്തിയത്.
കർണാടകയിൽ നടക്കുന്ന മഹാരാജ ട്രോഫി ടി20 ടൂർണമെന്റിൽ മൈസൂരു വാരിയേഴ്‌സിനു വേണ്ടി കളിക്കുന്നതിനിടയാണ് യുവ താരം കരിയറിലാദ്യമായി ദേശീയ ടീമിന്റെയും ഭാഗമായിരിക്കുന്നത്.മഹാരാജ ട്രോഫിയിൽ അത്ര മികച്ച പ്രകടനമല്ല നടത്തുന്നതെങ്കിലും ജൂനിയർ ക്രിക്കറ്റിൽ നേരത്തേ ഭേദപ്പെട്ട പ്രകടനം സമിത് കാഴ്ചവച്ചിട്ടുണ്ട്. ഇതാണ് താരത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ 2026ലെ അടുത്ത അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കു വേണ്ടി കളിക്കുകയന്ന സമിത്തിന്റെ മോഹം നടക്കില്ല. ഇതിന്റെ കാരണമറിയാം.
സ്വന്തം രാജ്യത്തിനായി ജൂനിയർ ലോകകപ്പിൽ കളിക്കുകയെന്നത് ഏതൊരു കൗമാര ക്രിക്കറ്ററുടെയും വലിയ സ്വപ്‌നങ്ങളിലൊന്നായിരിക്കും. പക്ഷെ സമിത് ദ്രാവിഡിന്റെ കാര്യത്തിൽ ഈ സ്വപ്‌നം പൂവണിയില്ല.കാരണം താരത്തിന്റെ പ്രായം തന്നെയാണ്. 2005 നവംബർ പത്തിനാണ് സമിത്തിന്റെ ജനനം. ഈ വർഷം താരത്തിനു 19 വയസ്സും അടുത്ത വർഷം 20 വയസ്സുമാവും. 2026ൽ 21ാം വയസ്സിലേക്കു കടക്കുമെന്നതിനാൽ ജൂനിയർ ലോകകപ്പിൽ സമിത്തിനു ടീമിൽ സ്ഥാനവും ലഭിക്കില്ല.
എന്നാൽ ഈ വർഷമാദ്യം സൗത്താഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ കളിക്കാൻ താരത്തിനു യോഗ്യതയുണ്ടായിരുന്നു. ഈ സമയത്തു കർണാടകയ്ക്കായി ജൂനിയർ ക്രിക്കറ്റിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സമിത്. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരത്തിനു ഇടവും ലഭിച്ചില്ല.ആദ്യ ലക്ഷ്യം ഐപിഎൽസമിത് ദ്രാവഡിന്റെ ആദ്യത്തെ ലക്ഷ്യം അടുത്ത വർഷം നടക്കാനിരിക്കുന്ന ഐപിഎല്ലായിരിക്കും. സെലക്ടർമാരുടെ ശ്രദ്ധയാകർഷിക്കാനും ഇന്ത്യൻ സീനിയർ ടീമിൽ ഇടം പിടിക്കാനും താരത്തിനു ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും ഇത്. പക്ഷെ അതിനു മുമ്പ് കർണാടകയ്ക്കായി ആഭ്യന്തര ക്രിക്കറ്റിൽ സമിത്തിനു കളിക്കേണ്ടതുണ്ട്.
വരാനിരിക്കുന്ന സീസണിൽ കർണാടകയുടെ സീനിയർ ടീമിലേക്കു അദ്ദേഹത്തിനു ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ഒക്ടോബറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ കർണാടകയ്ക്കായി സമിത് കളിച്ചേക്കും. അതിനിടെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റും നടക്കാനിരിക്കുകയാണ്. ഈ ടൂർണമെന്റിൽ തിളങ്ങിയാൽ ഐപിഎൽ ഫ്രാഞ്ചൈസികളും സമിത്തിനെ നോട്ടമിടുകയും ഇതു ടീമിലേക്കു അവസരമൊരുക്കുകയും ചെയ്യും.മഹാരാജ ട്രോഫിയിലെ പ്രകടനം
മഹാരാജ ട്രോഫിയിൽ മൈസൂരു വാരിയേഴ്‌സിനായി ഇനിയും മികച്ചൊരു ഇന്നിങ്‌സ് കളിക്കാൻ സമിത് ദ്രാവിഡിനായിട്ടില്ല. ഏഴു ഇന്നിങ്‌സുകളിൽ നിന്നും 114 സ്‌ട്രൈക്ക് റേറ്റിൽ 82 റൺസ് മാത്രമാണ് താരം ഇതിനകം നേടിയത്. 40ന് മുകളിൽ സ്‌കോർ ഒരിന്നിങ്‌സിൽ പോലും സമിത് നേടുകയും ചെയ്തിട്ടില്ല.ഉയർന്ന സ്‌കോർ 24 ബോളിൽ നിന്നും നേടിയ 33 റൺസാണ്. ശേഷിച്ച ആറിന്നിങ്‌സുകളിൽ 7, 7, 16, 2, 12, 5 എന്നിങ്ങനെയാണ് സമിത്തിന്റെ സ്‌കോറുകൾ. അച്ഛനെ അനുസ്മിരിപ്പിക്കുന്ന ക്ലാസിക്ക് ഷോട്ടുകൾ താരം കളിച്ചിരുന്നെങ്കിലും ചെറിയ സ്‌കോറുകൾക്കു തുടർച്ചയായി പുറത്തായി കൊണ്ടിരുന്നു. എന്നാൽ ബൗളിങിൽ സമിത്തിനെ ടൂർണമെന്റിൽ ഇനിയും പരീക്ഷിച്ചിട്ടുമില്ല.