ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരമാണ് രാഹുൽ ദ്രാവിഡ്. നായകനായും വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും,പരിശീലകനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്.ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ പരിശീലകനായെത്തി ഇന്ത്യയ്ക്ക് കിരീടവും നേടിക്കൊടുത്താണ് ദ്രാവിഡ് പടിയിറങ്ങിയത്. ഇപ്പോഴിതാ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്ലാസിക് ബാറ്റ്‌സ്മാനായ ദ്രാവിഡിന്റെ പാത പിന്തുടർന്ന് വരികയാണ് മകൻ സമിത്. ഇതിനകം സ്‌കൂൾ ക്രിക്കറ്റിലും ലീഗ് മത്സരങ്ങളിലും തകർപ്പൻ പ്രകടനങ്ങളിലൂടെ സ്മിത് താരമായി കഴിഞ്ഞു.
ഇപ്പോഴിതാ മറ്റൊരു ലീഗ് ക്രിക്കറ്റിലേക്ക് സമിത്തിനെ ലേലത്തിലൂടെ മൈസൂരു വാരിയേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20യിലോയ്ക്കാണ് സമിത്തിനെ ലേലത്തിലൂടെ ടീം സ്വന്തമാക്കിയത്. മധ്യനിര ബാറ്റ്‌സ്മാനും മീഡിയം പേസറുമായ സമിത്തിനെ 50000 രൂപ പ്രതിഫലത്തിലാണ് മൈസുരു വാരിയേഴ്‌സ് തങ്ങളുടെ തട്ടകത്തിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതിനോടകം കർണാടക അണ്ടർ 19 ടീമിന്റെ ഭാഗമാവാൻ സമിത്തിന് സാധിച്ചുവെന്നത് അത്ര നിസ്സാര കാര്യമല്ല.
കർണാടകയുടെ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന സമിത് അവസാന കൂച്ച് ബിഹാർ ട്രോഫി കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. ലാങ് ഷെയറിനെതിരേ കെഎസ്‌സിഎ 11നായി സമിത് കളിക്കുകയും ചെയ്തു. ഇതിനോടകം വലിയ പ്രതീക്ഷ നൽകുന്ന താരമായി വളരാൻ സമിത്തിന് സാധിച്ചിട്ടുണ്ട്. അവസാന സീസണിലെ ചാമ്പ്യന്മാരാണ് കരുൺ നായർ നയിക്കുന്ന മൈസൂരു വാരിയേഴ്‌സ്. ചാമ്പ്യൻ ടീമിനൊപ്പമാണ് സമിത് ഇത്തവണ ഇറങ്ങാൻ പോകുന്നത്.
ഇന്ത്യക്കായി ഇതിനോടകം കളിച്ചിട്ടുള്ള പ്രസിദ്ധ് കൃഷ്ണയും മൈസൂരു വാരിയേഴ്‌സിനൊപ്പമുണ്ട്. ഒരു ലക്ഷം രൂപക്കാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പ്രസിദ്ധ് വരുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. ദ്രാവിഡിന്റെ മകൻ ഇതിനോടകം മികച്ച പല പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. കഴിഞ്ഞിടെ ദ്രാവിഡിന്റെ അതേ ഷോട്ട് കളിച്ച് സമിത് ഞെട്ടിച്ചിരുന്നു.
ദ്രാവിഡിനെപ്പോലൊരു പ്രതിഭയുടെ മകനെന്ന നിലയിലുള്ള എല്ലാ ക്ലാസും ഇതിനോടകം താരത്തിന്റെ ബാറ്റിങ്ങിലുണ്ട്. ഇത് വരുന്ന മത്സരങ്ങളിലും തുടരാനും ഒരിക്കൽ ഇന്ത്യൻ ടീമിലേക്ക് വളരാനും സമിത്തിന് സാധിക്കുമെന്ന് കരുതാം. ഐപിഎല്ലിൽ അവസരം നേടിയെടുക്കുന്നതിന് സമിത്തിന്റെ മുന്നിലെ ആദ്യ ചവിട്ടുപടിയാണ് കർണാടകയിലെ മഹാരാജ ട്രോഫി ലീഗ് ക്രിക്കറ്റ്. മികച്ച പ്രകടനത്തിലൂടെ കൈയടി നേടി ഐപിഎല്ലിൽ അവസരം നേടിയെടുക്കാൻ സമിത്തിന് സാധിക്കുമോയെന്നതാണ് അറിയേണ്ടത്.
ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ ദ്രാവിഡ് ഐപിഎല്ലിൽ പരിശീലകനാവാൻ ഒരുങ്ങുകയാണെന്നാണ് വിവരം. എന്നാൽ മകനെ ടീമിലേക്കെടുക്കാൻ ദ്രാവിഡ് ഇടപെടൽ നടത്തുമെന്ന് കരുതാനാവില്ല. സ്വയം മികവ് കാട്ടി മകൻ സ്ഥാനം നേടിയെടുക്കാനാവും ദ്രാവിഡ് ആഗ്രഹിക്കുകയെന്നുറപ്പ്. സച്ചിൻ ടെണ്ടുൽക്കറിന്റെ മകൻ അർജുൻ ടെണ്ടുൽക്കർ ഇതിനോടകം ക്രിക്കറ്റിലേക്ക് എത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലടക്കം സജീവമായ അർജുൻ നിലവിൽ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പമാണ്.
എന്നാൽ അധികം അവസരം ലഭിക്കുന്നില്ല. പേസ് ഓൾറൗണ്ടറെന്ന നിലയിൽ അർജുൻ വളരാൻ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ ഭാവിയുണ്ടെന്ന് പറയാനാവില്ല. വീരേന്ദർ സെവാഗിന്റെ മകനും അച്ഛന്റെ പാതയിൽ വളരാൻ ശ്രമിക്കുകയാണ്. ക്രിക്കറ്റിലൂടെ വളരാനാണ് സെവാഗിന്റെ മകനായ ആര്യവീറിന്റേയും ആഗ്രഹം. ഇതിനോടകം ബിസിസി ഐ അണ്ടർ 16 ടൂർണമെന്റിലടക്കം ആര്യവീർ കളിച്ചിട്ടുണ്ട്. അച്ഛനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് നടത്താനാണ് ആര്യവീറിനും ഇഷ്ടം.
2023ലെ അണ്ടർ 16 വിജയ് മർച്ചന്റ് ട്രോഫിയിൽ അർധ സെഞ്ച്വറി തിളങ്ങിയിരുന്നു. ഓപ്പണറായി ഇറങ്ങാനാണ് ആര്യവീറിനും താൽപര്യം. സെവാഗിന്റേയും ദ്രാവിഡിന്റേയും പകരക്കാരാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും ഭാവിയിൽ ഇവരുടെ മക്കൾ ഇന്ത്യക്കായി കളിക്കുമെന്നതിൽ സംശയമില്ല.