ബാഴ്‌സലോണ: 22 ഗ്രാൻസ്ലാം കിരീടങ്ങൾക്കുടമ,കളിമൺ കോർട്ടിലെ രാജാവ്, ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിൽ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തിൽ പങ്കെടുക്കും.
വീഡിയോ സന്ദേശത്തിലൂടെ നദാൽ തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 'പ്രൊഫഷണൽ ടെന്നീസിൽ നിന്ന് ഞാൻ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. 'ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വർഷങ്ങളാണെന്നതാണ് യാഥാർത്ഥ്യം,പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വർഷം' നഡാൽ സന്ദേശത്തിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കുകളോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ് താരം.പരിക്കിനെത്തുടർന്ന് കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ നഷ്ടമായ നദാൽ, 2024 ൽ അദ്ദേഹത്തിന്റെ ഫേവറിറ്റ് ടൂർണമെന്റിൽ ആദ്യ റൗണ്ട് പുറത്താകൽ നേരിട്ടു. അലക്സാണ്ടർ സ്വരേവ് ആയിരുന്നു അന്ന് നദാലിനെ വീഴ്ത്തിയത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് നദാൽ അവസാനമായി ഫ്രഞ്ച് ഓപ്പണിൽ കിരീടം ചൂടിയത്. കളിമൺ കോർട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന നദാലിന് 112-4 എന്ന കിടിലൻ ജയ-പരാജയ റെക്കോഡാണ് അവിടെയുള്ളത്.
14 തവണ ഫ്രഞ്ച് ഓപ്പണിൽ മുത്തമിട്ട നദാൽ റോളണ്ട് ഗാരോസിൽ കളിച്ച 116 മത്സരങ്ങളിൽ 112 എണ്ണം ജയിച്ചെന്നത് ടെന്നീസ് പ്രേമികളെ എല്ലാക്കാലവും അമ്പരപ്പിക്കും. ഫ്രഞ്ച് ഓപ്പണിൽ റെക്കോഡ് നേട്ടം കരസ്ഥമാക്കിയ നദാൽ രണ്ട് തവണ വീതം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങളും, നാല് തവണ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.