ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ കോച്ച് ഗൗതം ഗംഭീറും മുൻ പരിശീലകൻ രാഹുൽ ദ്രാവിഡും തമ്മിലുള്ള വ്യത്യാസം തുറന്നുപറഞ്ഞ് സ്റ്റാർ സ്പിൻ ബൗളിങ് ഓൾറൗണ്ടർ ആർ അശ്വിൻ. ഇരുവരുടെയും കോച്ചിങ് ശൈലികൾ വ്യത്യസ്തമാണെന്നും ഒരു കാര്യത്തിനും നിർബന്ധമോ, കടുംപിടുത്തമോ ഇല്ലാത്ത കോച്ചാണ് ഗംഭീറെന്നുമാണ് അശ്വിന്റെ അഭിപ്രായം.
വളരെയധികം റിലാക്‌സായിട്ടുള്ള കോച്ചാണ് ഗൗതം ഗംഭീറെന്നാണ് ആർ അശ്വിൻ പറയുന്നത്.ഗംഭീർ എല്ലായ്‌പ്പോഴും വളരെ റിലാക്‌സായിട്ടാണ് കാണപ്പെടാറുള്ളത്.ഒരു തരത്തിലുള്ള സമ്മർദ്ദവും അദ്ദേഹത്തിൽ കാണപ്പെടാറില്ല. രാവിലെ എല്ലാവരും കൂടി ഒരുമിച്ച് ഒരു ടീം മീറ്റിങ്ങുണ്ടാവും. ഈ മീറ്റിങിലും ഗംഭീർ വളരെ റിലാക്‌സായിട്ട് തന്നെയാണ് സംസാരിക്കാറുള്ളത്. നീ വരുന്നുണ്ടോ, ദയവു ചെയ്ത് വരൂയെന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും യൂട്യൂബ് ചാനലിൽ അശ്വിൻ വ്യക്തമാക്കി.
അതെസമയം ഗൗതം ഗംഭീറുമായി താരതമ്യം ചെയ്യുമ്പോൾ വളരെയധികം കൃത്യനിഷ്ടയുള്ളയാളാണ് രാഹുൽ ദ്രാവിഡെന്നാണ് ആർ അശ്വിന്റെ അഭിപ്രായം. രാഹുൽ ഭായിയുടെ രീതികൾ തികച്ചും വ്യത്യസ്തമാണ്. നമ്മൾ വന്നുകഴിഞ്ഞാൽ എല്ലാ കാര്യങ്ങളും വളരെ അടുക്കും ചിട്ടയിലും വേണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ട്.
ഒരു ബോട്ടിൽ പോലും ഒരു പ്രത്യേക സമയത്ത്, ഒരു പ്രത്യേക സ്ഥലത്തു വയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളത്. ഒരു സൈനിക രീതിയിലാണ് ദ്രാവിഡിന്റേത്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരിക്കണമെന്നു അദ്ദേഹത്തിനു നിർബന്ധമാണ്.പക്ഷെ ഗൗതം ഗംഭീർ അങ്ങനെയല്ല. അദ്ദേഹം ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. വളരെ റിലാക്‌സായി എല്ലാത്തിനെയും സമീപിക്കുന്ന, ഒരു കാര്യത്തിലും നിർബന്ധം പിടിക്കാത്തയാളാണ്. ഗംഭീർ എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള വ്യക്തിയാണ്. എല്ലാവരുടെയും ഹൃദയത്തെ പിടിച്ചെടുക്കാൻ അദ്ദേഹത്തിനു സാധിക്കും. ഗംഭീറിനു ടീമിലെ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ സാധിക്കുമെന്നു താൻ കരുതുന്നതായും അശ്വിൻ കൂട്ടിച്ചേർത്തു.
നേരത്തേ കളിക്കാരനെന്ന നിലയിൽ ഗംഭീറിനൊപ്പം ഇന്ത്യൻ ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചവരിൽ ഒരാൾ കൂടിയാണ് അശ്വിൻ. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരാണ് മറ്റു മൂന്നു പേർ. ഈ കാരണത്താൽ തന്നെ ഇപ്പോൾ കോച്ചായി ഗംഭീർ വന്നപ്പോൾ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയെന്നത് ഇവർക്കു കൂടുതൽ എളുപ്പമാവുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ ചാംപ്യൻമാരാക്കിയതിനു പിന്നാലെയാണ് ദ്രാവിഡ് പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയത്. അദ്ദേഹത്തിന്റെ കരാറും ഈ ടൂർണമെന്റ് വരെയായിരുന്നു. തുടർന്നാണ് ദ്രാവിഡിന്റെ മുൻ ടീമംഗവും സുഹൃത്തുമായ ഗംഭീർ ഈ റോളിലേക്കു വന്നത്.അദ്ദേഹത്തിനു കീഴിൽ ശ്രീലങ്കൻ പര്യടത്തിൽ ടി20 പരമ്പര ഇന്ത്യ ജയിച്ചപ്പോൾ ഏകദിനത്തിൽ ഞെട്ടിക്കുന്ന പരാജയമാണ് ടൂം നേരിട്ടത്. ഇപ്പോൾ ബംഗ്ലാദേശുമായുള്ള ആദ്യ ടി20യിൽ ഗംഭീര ജയത്തോടെ ഈ ഫോർമാറ്റിലെ തുടക്കം ഗംഭീർ മികച്ചതാക്കുകയും ചെയ്തിരിക്കുകയാണ്. 280 റൺസിനാണ് ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.