പുണെ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റിൽ തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ഇത്തവണ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ പുണെയില്‍ കളിക്കാനിറങ്ങുന്നത്. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്ക് പകരം ആകാശ്ദീപ്, വാഷിങ്ടണ്‍ സുന്ദര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലിടം നേടി. കിവീസ് നിരയില്‍ പേസര്‍ മാറ്റ് ഹെന്റിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ ടീമിലെത്തി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് മുന്നില്‍. എങ്കിലും ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഈ പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം. ഇതുകഴിഞ്ഞാല്‍ ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചുടെസ്റ്റ് കളിക്കും. അതോടെ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ചിത്രം തെളിയും.
ബെംഗളൂരു ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 402 റണ്‍സടിച്ചെങ്കിലും ആദ്യ ഇന്നിങ്സോടെതന്നെ മത്സരം കൈവിട്ട അവസ്ഥയിലായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തീരുമാനം പാളിയെന്ന് ക്യാപ്റ്റന്‍ ഉള്‍പ്പെടെ സമ്മതിച്ചു. എങ്കിലും പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ മികച്ച സ്‌കോര്‍ കണ്ടെത്താത്തത് വിമര്‍ശിക്കപ്പെട്ടു. വിരാട് കോലിയുടെ കരിയറിലെ ഏറ്റവും മികച്ച സ്‌കോര്‍ (254) വന്നത് പുണെ പിച്ചിലാണ്.