പാരിസ്: ഫ്രഞ്ച് ലീഗിൽ തുടർച്ചയായി മൂന്നാമതും കിരീടം സ്വന്തമാക്കി പാരിസ് സെന്റ് ജെർമെയ്ൻ.രണ്ടാം സ്ഥാനത്തുള്ള മൊണാക്കോ ഞായറാഴ്ച ലിയോണിനോട് 3-2ന് തോറ്റതോടെയാണ് മൂന്ന് മത്സരങ്ങൾ ശേഷിക്കെ എംബാപ്പെയും സംഘവും വിജയകിരീടം സ്വന്തമാക്കുന്നത്.12 പോയന്റ് ലീഡാണ് നിലവിൽ പി.എസ്.ജിക്കുള്ളത്.പന്ത്രണ്ടാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.
അതെസമയം ആറ് ലീഗ് കിരീടങ്ങളിൽ പങ്കാളിയായ ടീമിലെ സൂപ്പർ താരം കിലിയൻ എംബാപ്പെ ഈ സീസണോടെ ക്ലബ് വിട്ട് റയൽ മാഡ്രിഡിൽ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൽ നൽകുന്ന സൂചന.ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയ പി.എസ്.ജി ബുധനാഴ്ച ആദ്യപാദ മത്സരത്തിൽ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും.
മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലിൽ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്. ലൂയിസ് എൻ റിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അപാര ഫോമിൽ കളിക്കുന്ന പി.എസ്.ജി ഇതുവരെ കളിച്ച 31 ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് തോൽവിയറിഞ്ഞത്.
മൊണാക്കോക്കെതിരെ അലക്സാണ്ട്രെ ലകാസറ്റെ, സെയ്ദ് ബെൻ റഹ്മ, മാലിക് ഫൊഫാന എന്നിവരാണ് ലിയോണിനായി ഗോൾ നേടിയത്. വിസ്സാം ബിൻ യെദ്ദറാണ് മൊണാക്കൊയുടെ ഇരു ഗോളും നേടിയത്. 31 മത്സരങ്ങൾ പൂർത്തിയായപ്പോൾ പി.എസ്.ജിക്ക് 70ഉം മൊണാക്കോക്ക് 58ഉം പോയന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബ്രെസ്റ്റിന് 56 പോയന്റുണ്ട്. 44 പോയന്റുമായി ലിയോൺ എട്ടാം സ്ഥാനത്താണ്.