മൊഹാലി : ഐപിഎല്‍ ടീം പഞ്ചാബ് കിങ്‌സില്‍ പൊട്ടിത്തെറി. പുതിയ സീസണിനുള്ള ഒരുക്കത്തിനിടെയാണ് ടീം ഉടമകള്‍ തമ്മിലുള്ള തര്‍ക്കം പുറത്തുവന്നത്. തര്‍ക്കത്തിന് പിന്നാലെ സഹ ഉടമയ്‌ക്കെതിരെ നിയമ നടപടിയുമായി പ്രീതി സിന്റ രംഗത്തെത്തി. മറ്റ് ഉടമകളുടെ അറിവില്ലാതെ ടീമിന്റെ ഓഹരികള്‍ മോഹിത് ബര്‍മന്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് മോഹിത് ബര്‍മനെതിരെ പ്രീതി സിന്റ ചണ്ഡിഗഡ് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചാബ് കിങ്‌സിന്റെ നാല് ഉടമകളില്‍ ഒരാളാണ് മോഹിത് ബര്‍മന്‍. ടീമിന്റെ 45 ശതമാനം ഓഹരികളാണ് മോഹിത് ബര്‍മനുള്ളത്. ടീമിന്റെ 23 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രീതി സിന്റയുടേത്. നെസ് വാദിയയ്ക്കും 23 ശതമാനം ഓഹരികളുണ്ട്. മോഹിത് ബര്‍മന്റെ ഓഹരികളില്‍നിന്ന് 11.5 ശതമാനം മറ്റൊരാള്‍ക്കു വില്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ ഉള്‍പ്പടെ ക്ലബ്ബ് ഒഴിവാക്കിയേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം ചേര്‍ന്ന ശശാങ്ക് സിങ്ങിനെ നിലനിര്‍ത്തും.