രണ്ടു ഒളിംപിക് മെഡൽ നേട്ടവുമായി അത്യുജ്വലമായ ഹോക്കി കരിയറിനു വിരാമമിട്ടെങ്കിലും ഇന്ത്യൻ ഗോൾകീപ്പറും മലയാളി താരവുമായ പിആർ ശ്രീജേഷിനെ അത്ര എളുപ്പത്തിൽ വിട്ടുകളയാൻ ഹോക്കി ഫെഡറേഷൻ തയ്യാറല്ല. 20 വർഷത്തോളം ഇന്ത്യൻ ഗോൾമുഖത്ത് വൻമതിലായി ഉറച്ചുനിന്ന ശ്രീയെ മറ്റൊരു സുപ്രധാന റോൾ ഏൽപ്പിച്ചിരിക്കുകയാണ് ഹോക്കി ഇന്ത്യ.
ക്യാപ്റ്റനും ഗോൾകീപ്പറുമായി ദീർഘകാലം ഇന്ത്യൻ ഹോക്കിയെ സേവിച്ച അദ്ദേഹം ഇനി പരിശീലക ദൗത്യത്തിനായി കളത്തിലിറങ്ങും. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതിനെ ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.ഇന്ത്യൻ ഹോക്കി താരത്തിൽ നിന്ന് ഒരു പരിശീലകനാകുന്ന ശ്രീജേഷിന് ഒരുപാട് യുവതാരങ്ങൾക്ക് പ്രോത്സാഹനമാകാൻ കഴിയും. താങ്കളുടെ പരിശീലന മികവ് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഹോക്കി ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി ആർ ശ്രീജേഷ്.
എന്തായാലും കരിയറിന് ഒളിംപിക്‌സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. മൂന്നാം സ്ഥാനക്കാർക്കുള്ള പോരിൽ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തിൽ മാത്രമല്ല, ടൂർണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.
പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു.നേരത്തെ, ഇന്ത്യൻ ശ്രീജേഷ് ഇന്ത്യൻ സീനിയർ ടീമിന്റെ സഹപരിശീലകനാകുമെന്ന് വാർത്തുകളുണ്ടായിരുന്നു.ഒന്നരദശകത്തോളം ഇന്ത്യൻ ഹോക്കിയിലെ പോരാട്ടവീര്യത്തിന്റെ മറുപേരായിരുന്നു 36കാരനായ പി ആർ ശ്രീജേഷ്. ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോൾ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവൽ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്‌സിൽ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതും ശ്രീജേഷ് തന്നെ. ഇപ്പോൾ പാരീസിലും ഇന്ത്യയുടെ കാവലായി ശ്രീജേഷ്.
2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചതും ശ്രീജേഷിന്റെ കൈക്കരുത്തായിരുന്നു. 2004-ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയർ ടീമിലെത്തിയത്. 2006-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയു കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നേടിയതോടെ സീനിയർ ടീമിലേക്ക് വീണ്ടും വിളിയെത്തി.
സീനിയർ ഗോൾകീപ്പർമാരായ അഡ്രിയാൻ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമിൽ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.