പോർച്ചുഗൽ ഇതിഹാസതാരം പെപെ പൊഫ്രഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. 41 വയസിലാണ് പ്രതിരോധ നിരയിലെ കരുത്തൻ ബൂട്ടഴിക്കുന്നത്. 2019 മുതൽ പോർചുഗൽ ക്ലബായ പോർട്ടോയുടെ താരമാണ് പെപെ എന്ന കെപ്ലർ ലാവറൻ ലിമ ഫെറേറ.
രാജ്യത്തിന് വേണ്ടി 141 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 2024 യൂറോ ക്വാർട്ടറിൽ ഫ്രാൻസിനെതിരെയാണ് അവസാന മത്സരം കളിച്ചത്. 2007ൽ തുടങ്ങിയ ദേശീയ കരിയറിനും കൂടിയാണ് അന്ത്യമാകുന്നത്. 2016 ൽ യൂറോ നേടിയ പോർചുഗൽ ടീമിന്റെ പ്രധാനതാരങ്ങളിലൊരാളായിരുന്നു.
ആകെ 878 മത്സരങ്ങൾ കളിക്കുകയും 34 ട്രോഫികൾ നേടുകയും ചെയ്ത പെപ്പെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ്.പലപ്പോഴും അദ്ദേഹത്തിൻ്റെ പോരാട്ടവീര്യവും പ്രതിരോധവും എതിർ ടീമിന്റെ പേടിസ്വപ്നമാകുന്ന കാഴ്ച്ചയ്ക്ക് ഫുഡ്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
റയൽ മാഡ്രിഡിനൊപ്പമുള്ള നീണ്ട പത്തുവർഷമാണ് പെപ്പെയുടെ സുവർണ കാലഘട്ടം. 2007ൽ റയിലെത്തിയ താരം 2017ൽ ടർകിഷ് ക്ലബായ ബെസിക്താസിൽ ചേക്കേറും വരെ 229 മത്സരങ്ങളാണ് റയലിന് വേണ്ടി കളിച്ചത്.2007–08, 2011–12, 2016–17 സീസണിൽ ലാലിഗ കിരീടം, യുവേഫ ചാമ്പ്യൻസ് ലീഗ് ( 2013–14, 2015–16, 2016–17 ), കോപ്പ ഡെൽ റേ ( 2010–11, 2013–14), സൂപ്പർകോപ ഡി എസ്പാന ( 2008, 2012), യുവേഫ സൂപ്പർ കപ്പ് (2014), ഫിഫ ക്ലബ് ലോകകപ്പ് (2014, 2016) റയൽ മാഡ്രിഡിലെ കരിയർ നേട്ടങ്ങളാണ്.
പോർട്ടോക്കൊപ്പം 2005–06, 2006–07, 2019–20, 2021–22 സീസണുകളിൽ പ്രൈമിറ ലിഗ കിരീടവും നേടി. രണ്ടു പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ 878 മത്സരങ്ങൾ പൂർത്തിയാക്കിയ താരം 34 കിരീടങ്ങളുടെ ഭാഗമായിട്ടുണ്ട്.