ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനു വേണ്ടി സ്വന്തം പ്രതിഫലം വെട്ടിക്കുറിച്ച് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്. അടുത്ത സീസണിലേക്ക് ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റിച് ക്ലാസനെ നിലനിര്‍ത്തുന്നതിനാണ് ഓസ്‌ട്രേലിയന്‍ താരം പ്രതിഫലത്തില്‍ കുറവുവരുത്തിയതെന്നാണു വിവരം. ലേലത്തിനു മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളില്‍ ഹൈദരബാദ് പ്രഥമ പരിഗണന നല്‍കുന്നത് ഹെന്റിച് ക്ലാസനാണ്.
പാറ്റ് കമിന്‍സിനെയും അഭിഷേക് ശര്‍മയെയും ടീം നിലനിര്‍ത്തും. ആറു പേരെ നിലനിര്‍ത്താന്‍ അനുവാദമുണ്ടെങ്കിലും ബാക്കി താരങ്ങളെ ലേലത്തില്‍ പിടിക്കാനാണു ടീമിന്റെ നീക്കം. നിലനിര്‍ത്തുന്ന ആദ്യ താരമെന്ന നിലയ്ക്ക് ക്ലാസന് 23 കോടി രൂപ പ്രതിഫലം നല്‍കാനാണ് ഹൈദരാബാദ് തീരുമാനിച്ചിരിക്കുന്നത്. കമിന്‍സിന് 18 കോടിയും അഭിഷേക് ശര്‍മയ്ക്ക് 14 കോടിയും ലഭിക്കും.
കഴിഞ്ഞ ലേലത്തിന് 20.50 കോടി രൂപയ്ക്കാണ് ഹൈദരാബാദ് കമിന്‍സിനെ സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ ടീമിനെ മെച്ചപ്പെടുത്താനായി കമിന്‍സ് തന്റെ പ്രതിഫലം കുറയ്ക്കാന്‍ തയാറാകുകയായിരുന്നു. പുതിയ സീസണിലേക്കുള്ള വരുമാനത്തില്‍ 12.2 ശതമാനം കുറവു വരുത്താനാണ് കമിന്‍സ് തീരുമാനിച്ചിരിക്കുന്നത്.