പാരീസ് ഒളിംപ്ക്സ് വനിത ഫുട്ബാളിൽ ബ്രസീലിനെതിരെ അട്ടിമറി ജയവുമായി ജപ്പാൻ.ഇഞ്ചുറി ടൈമിൽ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലായിരുന്നു ജപ്പാന്റെ അപ്രതീക്ഷിത വിജയം. ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ നിലവിൽ പോയിന്റ് പട്ടികയിൽ ജപ്പാനും ബ്രസീലിനും തുല്യ പോയിന്റാണ് ഉള്ളത്. മൂന്ന് പോയിന്റുകളുമായി ജപ്പാനും ബ്രസീലും മൂന്നും നാലും സ്ഥാനങ്ങളിലാണ്.
56ാം മിനിറ്റിൽ ജെനിഫെറിലൂടെ ബ്രസീലാണ് ആദ്യം മുന്നിലെത്തിയത്.എന്നാൽ, കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ നേടിയ രണ്ട് ഗോളുകളിലൂടെ ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ കുമഗായി സാകി പെനാൽറ്റിയിലൂടെയാണ് ജപ്പാന്റെ സമനില ഗോൾ നേടിയത്.
പെനാൽറ്റിയിലൂടെ ഗോൾ വന്നതിന് പിന്നാലെ തന്നെ ജപ്പാൻ രണ്ടാമതും ബ്രസീൽ പോസ്റ്റിൽ നിറയൊഴിച്ചു. തനികാവ മൊമോക്കോയുടെ വകയായിരുന്നു ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിലെ ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും ജപ്പാന് പെനാൽറ്റി ലഭിച്ചിരുന്നുവെങ്കിലും അവർ പാഴാക്കി.കഴിഞ്ഞ ദിവസം നടന്ന മറ്റ് മത്സരങ്ങളിൽ സ്പെയിൻ നൈജീരിയയേയും കൊളംബിയ ന്യൂസിലാൻഡിനേയും തോൽപ്പിച്ചു. ഏതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കൊളംബിയ ന്യൂസിലാൻഡിനെ തോൽപിച്ചു.