പാരിസ്: ബാഡ്മിന്റൻ കോർട്ടിൽനിന്ന് ആദ്യ ഒളിംപിക്സ് സ്വർണമെന്ന ഇന്ത്യൻ മോഹം പാരിസിലും സഫലമായില്ല. ഒളിംപിക്സ് ബാഡ്മിന്റൻ സിംഗിൾസിൽ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ലക്ഷ്യത്തിലേക്കുള്ള മത്സരത്തിൽ ലക്ഷ്യ സെന്നിന് അടിതെറ്റി. ഡെൻമാർക്ക് താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ വിക്ടർ അക്സെൽസനാണ് ഇന്ത്യൻ താരത്തെ തോൽപ്പിച്ചത്. സ്കോർ: 20-22, 21-14. ഈ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും, ലക്ഷ്യ സെൻ ഇനി വെങ്കല മെഡൽ പോരാട്ടത്തിൽ മത്സരിക്കും. ബോഡ്മിന്റനിൽ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും ഉൾപ്പെടെയുള്ള മറ്റു താരങ്ങളെല്ലാം പുറത്തായിരുന്നു. ഡബിൾസിൽ മെഡൽ പ്രതീക്ഷയായിരുന്ന ചിരാഗ് – സാത്വിക് കൂട്ടുകെട്ടും നേരത്തേ പുറത്തായി.
രണ്ടു ഗെയിമുകളിലും ശ്രദ്ധേയമായ ലീഡ് ലഭിച്ച ലക്ഷ്യയ്ക്ക്, മത്സരത്തിൽ ലോക രണ്ടാം റാങ്കുകാരനായ എതിരാളിയുടെ ഉയരക്കൂടുതലാണ് വെല്ലുവിളി സൃഷ്ടിച്ചത്. 1.94 മീറ്റർ ഉയരമുള്ള അക്സെൽസന്റെ ബാക്ക് ഹാൻഡ് സ്മാഷുകൾ 1.8 മീറ്റർ മാത്രം ഉയരമുള്ള ലക്ഷ്യയെ മത്സരത്തിലുടനീളം പരീക്ഷിച്ചു. റിയോ ഒളിംപിക്സിൽ വെങ്കലവും ടോക്കിയോയിൽ സ്വർണവും നേടിയ അക്സെൽസന്റെ പേരിൽ 2 ലോക ചാംപ്യൻഷിപ് നേട്ടങ്ങളുമുണ്ട്. ഇരുവരും 8 തവണ നേർക്കുനേർ വന്നപ്പോൾ 7 തവണയും ജയം അക്സെൽസനായിരുന്നു. എന്നാൽ, 2022ലെ ജർമൻ ഓപ്പണിൽ മുപ്പതുകാരനായ അക്സെൽസനെ അട്ടമറിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്ഷ്യ ഇന്ന് കോർട്ടിലിറങ്ങിയത്.
കളത്തിലും ലക്ഷ്യ ശക്തമായി ലീഡുയർത്തിയ ഘട്ടങ്ങളുണ്ടായിരുന്നു. ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ 11–9നും പിന്നീട് 15–9നും ലീഡെടുത്ത ലക്ഷ്യ 17–12 എന്ന നിലയിലും മുന്നിലായിരുന്നു. പിന്നീട് ശക്തമായി തിരിച്ചടിച്ച അക്സൽസൻ സ്കോർ 20–20 എന്ന നിലയിലെത്തിച്ചു. പിന്നീട് 21–20ന് ഗെയിം പോയിന്റിലേക്ക് നീങ്ങിയ താരം 22–20ന് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ആവേശം കൊള്ളിക്കുന്ന തുടക്കമായിരുന്നു ലക്ഷ്യയുടേത്. 5–0, 7–0, 8–3 എന്നിങ്ങനെ വ്യക്തമായ ലീഡോടെ മുന്നേറിയ ലക്ഷ്യയെ തൊട്ടുപിന്നാലെ അക്സൽസൻ കുടുക്കി. 11–10ലേക്ക് ലക്ഷ്യയുടെ ലീഡ് താഴ്ത്തിയ ഡെൻമാർക്ക് താരം, പിന്നീട് ഒരു ഘട്ടത്തിലും ഇന്ത്യൻ താരത്തെ തിരിച്ചുവരാൻ അനുവദിച്ചില്ല. 15–13നു മുന്നിൽക്കയറി താരം 21–14ന് അനായാസം ഗെയിമും മത്സരവും സ്വന്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്േപയുടെ ചൗ ടിയെൻ ചെനിനെ (19-21, 21-15, 21-12 ) തോൽപിച്ചാണ് ഒളിംപിക്സിന്റെ സെമിഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൻ താരം എന്ന നേട്ടം ലക്ഷ്യ സ്വന്തമാക്കിയത്. ക്വാർട്ടറിൽ ഒഴികെ ബാക്കിയെല്ലാ മത്സരങ്ങളിലും ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ലക്ഷ്യ സെമിയിൽ എത്തിയത്.