പാരിസ്: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതക്ക് പിന്നാലെയുള്ള വിവാദം ശക്തമാകുന്നതിനിടെ അച്ചടക്ക നടപടിയുടെ ഭാഗമായി മറ്റൊരു ഇന്ത്യൻ ഗുസ്തി താരത്തെ നാട്ടിലേക്ക് തിരിച്ചയ്ക്കാൻ തീരുമാനം.53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച അന്തിം പംഗലിനെതിരെയാണ് ഒളിംപിക്സ് അധികൃതരുടെ നടപടി. സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. താരങ്ങൾക്കും പരിശീലകർക്കും മാത്രമായി ഒരുക്കിയ ഒളിമ്പിക്സ് വില്ലേജിൽ അന്തിമിന്റെ അക്രഡിറ്റേഷൻ കാർഡുപയോഗിച്ച് നിഷ പ്രവേശിച്ചിരുന്നു.
ആദ്യ റൗണ്ടിലെ തോൽവിക്ക് പിന്നാലെ അന്തിമും പരിശീലകരും ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ഗെയിംസ് വില്ലേജിൽ സൂക്ഷിച്ച തന്റെ സാധനങ്ങൾ എടുക്കാൻ സഹോദരിയെ അക്രഡിറ്റേഷൻ കാർഡ് നൽകി പറഞ്ഞയക്കുകയായിരുന്നു. സാധനങ്ങളുമായി പുറത്ത് കടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. പരിശോധനയിൽ താരമല്ലെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയക്കുകയും ചെയ്തു.
പിന്നീട് ഒളിമ്പിക്സ് അധികൃതർ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് നോട്ടീസ് നൽകി. തുടർന്ന് അക്രഡിറ്റേഷൻ റദ്ദാക്കുകയും അന്തിമിനോടും സപ്പോർട്ടിങ് സ്റ്റാഫിനോടും ഉടൻ ഫ്രാൻസ് വിട്ട് പോകാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ആവശ്യപ്പെടുകയുമായിരുന്നു.ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന അന്തിം പംഗൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ സെയ്‌നപ് യെറ്റ്ഗിലിനോട് 10-0ത്തിന് പരാജയപ്പെട്ട് ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.