പാരീസ്: പാരീസ് ഒളിംപിക്‌സിന് ഇന്ന് ഔദ്യോഗിക തുടക്കം.ഇന്ന് മത്സരങ്ങളില്ലെങ്കിലും മിഴിനിറയുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങുകളാണ് നടക്കാൻ പോകുന്നത്.ഇന്ത്യൻ സമയം രാത്രി 11.30നു ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങുകൾ പുതിയ ദൃശ്യവിസ്മയമായിരിക്കും ലോകത്തിനു സമ്മാനിക്കുക. ഇതുവരെയുള്ള മറ്റൊരു ഗെയിംസുകളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൈദിധ്യമാർന്ന അദ്ഭുത കാഴ്ചകളാണ് പാരീസിൽ ഒരുക്കിയിരിക്കുന്നത്.
ഫ്രാൻസിന്റെ സംസ്‌കാരവും പൈതൃകവും ഉയർത്തിക്കാട്ടുന്ന ഉദ്ഘാടന ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.ഗെയിംസിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിനു പുറത്തു വച്ച് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ പോവുന്നുവെന്നത് പാരീസ് ഒളിംപിക്‌സിനെ സ്‌പെഷ്യലാക്കി മാറ്റിയിരിക്കുകയാണ്.10500 ഓളം അത്‌ലറ്റുകളാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക.
3000ത്തോളം കലാകാരന്മാരെ അണിനിരത്തിയുള്ള ആഘോഷ പരിപാടികളും ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുണ്ട്. ഒളിംപിക്‌സ് ചരിത്രത്തിലെ വ്യത്യസ്തമായ ഏടായി പാരീസ് ഒളിംപിക്‌സ് മാറിക്കഴിഞ്ഞു. ഊ ഗെയിംസിലെ ഏറ്റവും വലിയ സർപ്രൈസും ഇതു തന്നെയായിരിക്കും. മുൻ ഒളിംപിക്‌സുകളിലെല്ലാം അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റ് നടന്നിരുന്നത് സ്റ്റേഡിയങ്ങളിലായിരുന്നെങ്കിൽ ഇത്തവണ അതു വെള്ളത്തിലൂടെ ആയിരിക്കുമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ലോകാൽഭുതങ്ങളിലൊന്നായ ഈഫൽ ടവറിനു സമീപത്തു കൂടിയൊഴുകുന്ന സെയ്ൻ നദിയിലൂടെയാണ് ബോട്ടുകളിൽ സഞ്ചരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ കാണികളെ അഭിവാദ്യം ചെയ്യുക. പരമ്പരാഗതമായ മാർച്ച് പാസ്റ്റുകളിൽ നിന്നും ഇതു തീർത്തും വ്യത്യസ്തവും ലോകത്തിനു ഇതു പുതിയൊരു അനുഭവവും കൂടിയായിരിക്കും. ഈയൊരു ഔട്ട്‌ഡോർ ആശയം കാരണം പാരീസ് ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങുകൾ കാണികളുടെ എണ്ണം കൊണ്ടും ഭൂമിശാസ്ത്രപരമായും എക്കാലത്തെയും വലുതായി മാറുകയും ചെയ്യുമെന്നുറപ്പാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അത്റ്റുകൾക്കു ഉദ്ഘാടന ചടങ്ങിൽ പരേഡ് നടത്തുന്നതിനായി 100ഓളം ബോട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 10,500ഓളം അത്‌ലറ്റുകൾ സെയ്ൻ നദിയിലൂടെയുള്ള പരേഡിൽ ബോട്ടുകളിൽ നിന്നും നദിയുടെ ഇരുകരകളിലുമുള്ള കാണികളെ അഭിവാദ്യം ചെയ്യും. ഈ ബോട്ടുകളുടെ ഡെക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ അത്‌ലറ്റുകളെ അടുത്തു കാണാനും അവരുടെ വികാരങ്ങൾക്കു സാക്ഷ്യം വഹിക്കാനും കാണികളെ സഹായിക്കും.
ജൂലൈ 26 മുതൽ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇതിനോടകം ഫുട്‌ബോളും അമ്പെയ്ത്തുമെല്ലാം ആരംഭിച്ചുകഴിഞ്ഞു.വീറും വാശിയും നിറഞ്ഞ പോരാട്ട ചൂടിന്റെ ദിനങ്ങളാണ് ആരാധകരെ ഇനി കാത്തിരിക്കുന്നത്. പ്രതീക്ഷയോടെയാണ് ഇന്ത്യയും ഇത്തവണ പാരീസിലേക്കെത്തുന്നത്.