പാരീസ്: പാരീസ് ഒളിമ്പിക്‌സിൻ്റെ രണ്ടാം റൗണ്ടിൽ റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം.46 ഗ്രാൻസ്ലാം കിരീടം പങ്കിട്ടെടുത്ത രണ്ടുപേർ അവസാനായി ഒരിക്കൽ കൂടി മുഖാമുഖം വരുന്നുവെന്നതാണ് ശ്രദ്ധേയം.
ഫ്രഞ്ച് ഓപ്പണിലെ പതിനാല് കിരീടം ഉൾപ്പടെ 22 ഗ്രാൻസ്ലാം കിരീടത്തിന്റെ തലപ്പൊക്കമുളള റാഫേൽ നദാൽ കളത്തിലിറങ്ങുമ്പോൾ മറുപുറത്ത് 24 ഗ്രാൻസ്ലാം കിരീടവുമായി ടെന്നിസ് ലോകത്തെ റാക്കറ്റിലാക്കിയ നൊവാക് ജോകോവിച്ചുണ്ടാകും.
ഇന്നലെ ആദ്യ റൗണ്ടിൽ സ്പെയിൻ താരം നദാൽ ഹംഗറിയുടെ മാർട്ടൻ ഫുചോവിറ്റ്സിനെ തോൽപിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാലിന്റെ ജയം (6–1,4–6,6–4). സെർബിയൻ താരം ജോക്കോവിച്ച് കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനെ രണ്ടു സെറ്റിൽ തകർത്തു വിട്ടിരുന്നു (6–0,6–1). റൊളാങ് ഗാരോസിൽ ഇന്നും നാളയുമായിട്ടാണ് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ട് മത്സരങ്ങൾ.ടെന്നിസ് കോർട്ടിൽ ഇരുവരും നേർക്കുനേർവരുന്ന അറുപതാമത്തെ മത്സര കൂടിയാണിത്.
നദാലും ജോക്കോവിച്ചും തമ്മിലുള്ള അവസാന നാല് മത്സരങ്ങളിൽ മൂന്നെണ്ണം നടന്നത് റൊളാങ് ഗാരോസിൽ ആണ്. 2022 ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ നദാൽ നാല് സെറ്റുകളിൽ വിജയിക്കുകയും 2021 സെമി ഫൈനലിൽ ജോക്കോവിച്ച് തൻ്റെ എതിരാളിയെ പരാജയപ്പെടുത്തുകയും ചെയ്തു.2020-ൽ, ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാൽ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.
ഇത്തവണ ഒറ്റജയത്തിന്റെ ലീഡിൽ ജോകോവിച്ച് ആദ്യ ഒളിംപിക് മെഡൽ സ്വപ്നം കണ്ടാണ് കളത്തിലിറങ്ങുന്നത്. 2008ലെ ഒളിംപിക് ചാംപ്യനായ നദാൽ കളത്തിലിറങ്ങുന്നത് വലത് തുടയ്‌ക്കേറ്റ പരിക്കുമായാണ്. മുപ്പത്തിയേഴുകാരൻ കാരൻ ജോകോവിച്ചും മുപ്പെത്തിയെട്ടുകാരൻ നദാലും ഇനിയൊരു ഒളിംപിക്‌സിൽ റാക്കറ്റ് വീശില്ലെന്നുറപ്പ്. ഇതുകൊണ്ടുതന്നെ ഈ കളിക്ക് സാക്ഷ്യം വഹിക്കുന്നവർ ഭാഗ്യം ചെയ്തവർ.