പാരിസ്: ഒളിംപിക്‌സിൽ ഹാട്രിക്ക് മെഡലുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമെന്ന സ്വപനവുമായി ഫൈനലിനിറങ്ങിയ മനു ഭാകറിന് മെഡൽ നഷ്ടം. ശനിയാഴ്ച നടന്ന വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.ആദ്യ ഘട്ടങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മനുവിനു പക്ഷേ നിർണായക നിമിഷത്തിൽ ഒരു ഷോട്ട് പിഴച്ച് 28 പോയിൻറിൽ മനു ഒതുങ്ങുകയായിരുന്നു.
സ്റ്റേജ് 2 എലിമിനേഷനിലെ അവസാന സീരീസുകളിലെ മോശം പ്രടനമാണ് താരത്തിന് തിരിച്ചടിയായത്. ഏഴാം സീരീസിനു ശേഷം നടന്ന ഷൂട്ടോഫിൽ രണ്ട് പോയന്റ് മാത്രം നേടിയ മനുവിനെ പിന്തള്ളി ഹംഗറിയുടെ വെറോണിക്ക മേജർ വെങ്കലം സ്വന്തമാക്കുകയായിരുന്നു. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റെസ്കിക്കാണ് വെള്ളി.
നേരത്തെ 10 മീറ്റർ പിസ്റ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പവുംവെങ്കലം നേടി മനു ഭാക്കർ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരമായിരുന്നു. യോഗ്യതാ മത്സരത്തിൽ ഒളിമ്പിക് റെക്കോർഡിനൊപ്പമെത്തിയ പ്രകടനവുമായി (592 പോയിന്റ്) ഒന്നാം സ്ഥാനത്തെത്തിയത് ഹംഗേറിയൻ താരം വെറോനിക്കയായിരുന്നു. രണ്ട് പോയന്റ് മാത്രം പിറകിലായിരുന്നു മനു ഭാക്കർ. ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ ഇഷാ സിങ് 581 പോയന്റോടെ 18ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്.