പാരീസ്: പാരീസ് ഒളിംപിക്‌സിൽ ബോക്‌സിങിൽ മികച്ച തുടക്കവുമായി ഇന്ത്യ.വനിതകളുടെ 54 കിഗ്രാമിൽ പ്രീതി പവാറാണ് ഇന്ത്യക്കായി ആദ്യം റിംഗിൽ ഇറങ്ങിയത്. മിന്നുന്ന ജയവുമായി താരം പ്രീക്വാർട്ടറിലേക്ക് കടന്നു.നോർത്ത് പാരീസ് അരീനയിൽ നടന്ന ബോക്‌സിങിൽ വിയറ്റ്‌നാമിന്റെ വോ തി കിം ആനിനെ തകർത്താണ് പ്രീതിയുടെ പ്രീക്വാർട്ടർ പ്രവേശനം. 5-0നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. 20 കാരിയായ പ്രീതി മത്സരത്തിന്റെ തുടക്കത്തിൽ വളരെ സ്ലോയായിരുന്നു.എന്നാൽ ഫൈനൽ റൗണ്ടിൽ കിടിലൻ പഞ്ചുകളുമായി എതിരാളിയെ നിലംതൊടിയിച്ചു. ഈ മൽസരത്തിനായി റിങിലെത്തിയപ്പോൾ എന്താണ് എനിക്കു ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളൂയെന്നാണ് മൽസശേഷം പ്രീതി പ്രതികരിച്ചത്.
ആദ്യ റൗണ്ടിൽ എതിരാളിയുടെ റേഞ്ച് മനസ്സിലാക്കാനാണ് ഞാൻ ശ്രമിച്ചത്. എന്റെ റേഞ്ചിനകത്തു അവരെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ആദ്യ റൗണ്ടിൽ സ്പ്ലിറ്റ് തീരുമാനത്തെ തുടർന്ന് എനിക്കു തോൽവി നേരിടേണ്ടതായി വന്നു. അതിനു ശേഷം ഞാൻ തന്ത്രത്തിൽ മാറ്റം വരുത്തി.എനിക്കു അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കേണ്ടത് ആവശ്യമായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടുകളിൽ എതിരാളിയെ ബാക്ക് ഫൂട്ടിലാക്കാൻ ഞാൻ നിർബന്ധിതയാക്കുകയും ഒരുപാട് മുന്നിലേക്കു താൻ വരികയും ചെയ്തായും മൽസരശേഷം പ്രീതി വ്യക്തമാക്കി.
മികച്ച ചില പഞ്ചുകളും ഹുക്കുകളുമാണ് രണ്ടാം റൗണ്ടിൽ ജയിച്ചുകയറാൻ പ്രീതിയെ സഹായിച്ചത്. മൂന്നാം റൗണ്ടിൽ കൂടുതൽ ആക്രമണോത്സുകതയോടെയാണ് താരം കാണപ്പെട്ടത്. തുടക്കത്തിൽ തന്നെ എതിരാളിക്കു മേൽ ആധിപത്യം നേടാൻ ഇതു പ്രീതിയെ സഹായിക്കുകയും ചെയ്തു. ഇതോടെ എതിരാളി പ്രതിരോധത്തിലേക്കു വലിയുകയും മികച്ച ചില പഞ്ചുകളിലൂടെ ഇന്ത്യൻ താരം കളി ജയിച്ച് പ്രീക്വാർട്ടറിലേക്കും മുന്നേറി. സെമി ഫൈനലിൽ കടക്കാനായാൽ പ്രീതിക്കു മെഡൽ ഉറപ്പിക്കാൻ സാധിക്കും. ഇതിനായി അവർക്കു ഇനി വേണ്ടത് രണ്ടു ജയങ്ങളാണ്.
ബോക്‌സിങിൽ ഇന്ത്യക്കായി മൽസരിക്കുന്നത് ആറു പേരാണ്. രണ്ടു തവണ ലോക ചാംപ്യനായ വനിതാ താരം നിഖാത് സറീൻ ഇന്നു ആദ്യ മൽസരത്തിനിറങ്ങുന്നുണ്ട്. 32ാം റൗണ്ടിൽ മെക്‌സിക്കോയുടെ മാക്‌സി കരീന ക്‌ളോട്‌സറാണ് നിഖാതിന്റെ എതിരാളി. വരും ദിവസങ്ങളിൽ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡൽ ജേതാവായ ലവ്‌ലീന ബൊർഗോഹെയ്ൻ (75 കിഗ്രാം), അമിത് പംഗൽ (51 കിഗ്രാം), നിഷാന്ത് ദേവ് (71 കിഗ്രാം), ജാസ്മിൻ ലംബോറിയ (57 കിഗ്രാം) എന്നിവരും ഇടിക്കൂട്ടിലിറങ്ങുന്നുണ്ട്.