പാരീസ് : ഒളിംപിക്‌സില്‍ വനിതകളുടെ 200 മീറ്റര്‍ സ്പ്രിന്റില്‍ സ്വര്‍ണം നേടി അമേരിക്കയുടെ ഗബ്രിയേല ഗാബി തോമസ്. ടോക്കിയോയില്‍ നേടിയ വെങ്കലം ഇത്തവണ സ്വര്‍ണം ആക്കി മാറ്റി. താരത്തിന്റെ ഒളിംപിക്‌സിലെയും ലോക ചാമ്പ്യന്‍ഷിപ്പിലെയും ആദ്യ സ്വര്‍ണ നേട്ടം ആണ് ഇത്. കഴിഞ്ഞ ദിവസം 100 മീറ്റര്‍ ഓട്ടത്തില്‍ ജൂലിയന്‍ ആല്‍ഫ്രഡ് സ്വര്‍ണം നേടിയിരുന്നു.
ഗാബി 21.83 സെക്കന്റ് എന്ന സമയം കെണ്ടാണ് ഫിനിഷീങ് പോയിന്റില്‍ എത്തിയത്. 100 മീറ്ററില്‍ സ്വര്‍ണം നേടിയ സെന്റ് ലൂസിയയുടെ ജൂലിയന്‍ ആല്‍ഫ്രഡ് രണ്ടാം സ്ഥാനത്തെത്തി വെള്ളി മെഡല്‍ സ്വന്തമാക്കി. 22.08 സെക്കന്റ് എന്ന സമയം കുറിച്ച ജൂലിയന്‍ തന്റേതും രാജ്യത്തിന്റെയും ചരിത്രത്തിലെ രണ്ടാമത്തെ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കി. 22.20 സെക്കന്റില്‍ മൂന്നാമത് എത്തിയ അമേരിക്കയുടെ തന്നെ ബ്രിട്ടനി ബ്രോണ്‍ വെങ്കല മെഡലും സ്വന്തമാക്കി.
വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ബഹ്‌റൈന്‍ താരം യാവി വിന്‍ഫ്രഡ് സ്വര്‍ണം നേടി. 8:52.76 മിനിറ്റില്‍ ഒളിംപിക് റെക്കോര്‍ഡിട്ടാണ് യാവി സ്വര്‍ണം നേടിയത്. യുഗാണ്ടന്‍ താരം പെറുറ്റ് ചെമുറ്റായ് വെള്ളിയും കെനിയയുടെ ഫെയ്ത് ചെറോറ്റിച് വെങ്കലവും സ്വന്തമാക്കി.