പാരീസ് : ആദ്യ മൂന്ന് സെറ്റില്‍ രണ്ടെണ്ണം ജയിച്ച് 4-2ന് മുന്നിലായിരുന്നുവെങ്കിലും ഒളിമ്പിക്‌സ് അമ്പെയ്ത്തില്‍ നിന്ന് പുറത്തായി ഇന്ത്യയുടെ ദീപിക കുമാരി. 4-6 എന്ന സ്‌കോറിന് സുഹ്യോണ്‍ നാമിനോടാണ് ദീപിക പിന്നില്‍ പോയത്. ദീപിക 6 ടെന്‍ പോയിന്ററുകള്‍ മത്സരത്തില്‍ നേടിയപ്പോള്‍ കൊറിയന്‍ താരം 7 ടെന്‍ പോയിന്ററുകളാണ് നേടിയത്. ഒരു 7 പോയിന്റും ഒരു 6 പോയിന്റും ദീപികയ്ക്ക് തിരിച്ചടിയായി. ആദ്യ സെറ്റ് ദീപിക 28-26ന് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ കൊറിയന്‍ താരം മുന്‍കൈ നേടി. ദീപിക തൊടുത്ത രണ്ടാം അമ്പ് 6 പോയിന്റ് മാത്രം നേടിയതാണ് തിരിച്ചടിയായത്. 25-28 എന്ന സ്‌കോറിലാണ് രണ്ടാം ഗെയിമില്‍ ദീപിക പിന്നില്‍ പോയത്.
മൂന്നാം സെറ്റില്‍ ദീപിക 29-28 എന്ന സ്‌കോറിന് മുന്നിലെത്തി. രണ്ട് പത്ത് പോയിന്റുകളില്‍ ഈ സെറ്റില്‍ നേടിയാണ് ദീപിക മുന്‍കൈ എടുത്തത്. ഇതോടെ 4-2ന് ദീപിക മുന്നിലെത്തി. നാലാം സെറ്റില്‍ രണ്ട് പത്ത് പോയിന്റ് നേടിയെങ്കിലും രണ്ടാം ശ്രമത്തില്‍ ഏഴ് പോയിന്റിലേക്ക് പോയത് കുമാരിയ്ക്ക് തിരിച്ചടിയായി. 27-29 ന് ദീപിക പിന്നില്‍ പോയപ്പോള്‍ സെറ്റ് സ്‌കോറില്‍ 4-4 എന്ന നിലയില്‍ ഇരു ടീമുകളും ഒപ്പമെത്തി. അവസാന സെറ്റില്‍ ദീപികയ്ക്ക് മൂന്ന് 9 പോയിന്റ് മാത്രം നേടാനായാപ്പോള്‍ കൊറിയന്‍ താരം രണ്ട് ടെന്‍ പോയിന്റും ഒരു 9 പോയിന്റും നേടിയപ്പോള്‍ താരം 6-4ന് വിജയിച്ച് സെമിയിലേക്ക് കടന്നു.