പാരീസ്: ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിംപിക്സൊരുക്കാനായിരിക്കും എന്നതാണ് ഓരോ ആതിഥേയ രാജ്യത്തിന്‍റെയും ശ്രമം. കായിക ലോകത്തിന്‍റെ കണ്ണും കാതും അടുത്ത രണ്ടാഴ്ചത്തേക്ക് ഇനി പാരീസിലാകും. ഒളിംപിക്സ് നടത്താൻ എത്ര കോടിരൂപ ചെലവ് വരും, ഒളിംപിക്സ് നടത്തിപ്പിലൂടെ എത്രകോടി രൂപ ലാഭം കിട്ടും എന്നൊക്കെ അറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടാകും.
ഒരു ഒളിംപിക്സിന് വിജയകരമായി നടത്താന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കു കൂട്ടിയിരിക്കുന്നത്. പാരീസ് ഒളിംപിക്സിന് കണക്കാക്കിയിരിക്കുന്ന ബജറ്റ് 12 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2021ല്‍ നടന്ന ടോക്കിയോ ഒളിംപിക്സിലത് ഒന്നരലക്ഷം കോടി രൂപയായിരുന്നു. 206 രാജ്യങ്ങളില്‍ നിന്നായി പാരീസിലേക്ക് എത്തുന്ന 10500 കായിക താരങ്ങള്‍ക്കും അവരുടെ കോച്ചിംഗ് സ്റ്റാഫിനുമെല്ലാമായി പാരീസിലൊരുങ്ങുന്നത് 131 ഏക്കറില്‍ പരന്നു കിടക്കുന്ന മനോഹരമായ ഒളിംപിക് വില്ലേജ്.
അത്യാധുനിക സംവിധാനങ്ങളുള്ള ഒളിംപിക് വില്ലേജിനായി ഫ്രാന്‍സ് ചെലവഴിച്ചത് 40000 കോടി രൂപയാണ് . മുന്‍ ഒളിംപിക്സിനേക്കാള്‍ കൂടുതല്‍ തുക ഇത്തവണ ഫ്രാന്‍സ് ഒളിംപിക് വില്ലേജിനായി ചെലവഴിച്ചിട്ടുണ്ട്. ഇത്രയും വലിയൊരു കായിക മാമാങ്കം ഒരു രാജ്യത്തിലേക്ക് എത്തുമ്പോള്‍ ഒരു ലക്ഷം കോടിയിലധികം രൂപ ലാഭം കിട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചെലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത ചരിത്രമാണ് ഒളിംപിക്സിന് കൂടുതലും പറയാനുള്ളത്.