പാരീസ്: പാരീസ് ഒളിമ്പിക്സിന് ഞായറാഴ്ച സമാപനം. നാലുവര്‍ഷത്തിനുശേഷം ലോസ് ആഞ്ജലിസില്‍ വീണ്ടും തെളിയുമെന്ന ഉറപ്പോടെ രണ്ടാഴ്ചയായി പാരീസിലെ ദീപശിഖ ഞായറാഴ്ച അണയും. രാത്രി ഏഴരയ്ക്ക് (ഇന്ത്യന്‍സമയം രാത്രി 11) തുടങ്ങുന്ന സമാപനച്ചടങ്ങില്‍, കലയുടെയും കളിയുടെയും സാങ്കേതികവിദ്യയുടെയും സമ്മേളനം പ്രതീക്ഷിക്കുന്നു.
ഉദ്ഘാടനം തുറന്നവേദിയിലായിരുന്നെങ്കില്‍ സമാപനം ചരിത്രപ്രസിദ്ധമായ സ്റ്റെഡ് ദെ ഫ്രാന്‍സിലാണ്. 1998 ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടംനേടിയ ഗ്രൗണ്ടില്‍ എണ്‍പതിനായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ സൗകര്യമുണ്ട്.
മനു ഭാക്കറും പി.ആര്‍. ശ്രീജേഷും സമാപനച്ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തും. ഉദ്ഘാടനച്ചടങ്ങിന്റെ ഡയറക്ടറായിരുന്ന തോമസ് ജോളിതന്നെയാണ് സമാപനത്തിന്റെയും ദൃശ്യാവിഷ്‌കാരമൊരുക്കുന്നത്. ഹോളിവുഡ് താരം ടോം ക്രൂസ്, ബെല്‍ജിയന്‍ ഗായിക ആഞ്ജലെ, അമേരിക്കന്‍ റോക്ക് സംഗീത ബ്രാന്‍ഡായ റെഡ് ഹോട്ട് ചില്ലി പെപ്പര്‍ തുടങ്ങിയവരുടെ കലാപരിപാടിയുണ്ടാകുമെന്ന് സൂചനയുണ്ട്.
അതേസമയം, മെഡല്‍പ്പട്ടികയില്‍ ഒന്നാമതെത്താന്‍ ശനിയാഴ്ചയും മത്സരം തുടരുന്നു. ശനിയാഴ്ച രാത്രിയിലെ കണക്കനുസരിച്ച് 39 സ്വര്‍ണവുമായി ചൈന ഒന്നാമതും യു.എസ്. (38) രണ്ടാമതുമാണ്. 42 വെള്ളി നേടിയ അമേരിക്ക ആകെ മെഡലുകളില്‍ ഏറെ മുന്നിലുണ്ട്. തുടക്കംതൊട്ടേ സ്വര്‍ണനേട്ടത്തില്‍ ചൈന മുന്നിലായിരുന്നു. ഇടയ്ക്ക് യു.എസ്. ഒന്നാംസ്ഥാനത്ത് എത്തിയെങ്കിലും ചൈന തിരിച്ചുകയറി.