ഒളിമ്പിക്സ് ഫുട്ബാളിന് ഇന്ന് കിക്കോഫ്; കളത്തിലിറങ്ങുന്നത് അർജന്റീന, സ്‌പെയിൻ, ഫ്രാൻസ് ,റഗ്ബി മത്സരങ്ങൾക്കും തുടക്കം

ഫ്രാൻസിലെ ഏഴു നഗരങ്ങളാണ് ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകുന്നത്.ആഗസ്റ്റ് 10നാണ് ഫുട്ബാൾ മത്സരങ്ങളുടെ കലാശപ്പോര്. അണ്ടർ -23 ടീമുകളാണ് പുരുഷ ഫുട്ബാളിൽ പങ്കെടുക്കുന്നതെങ്കിലും മൂന്നു സീനിയർ താരങ്ങളും ടീമിലുണ്ട്. ഇത് മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും.

author-image
Greeshma Rakesh
Updated On
New Update
football olympics
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ്: ഒളിമ്പിക്സ് പുരുഷ-വനിത ഫുട്ബാൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.26 ന് രാത്രിയാണ് ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതെങ്കിലും മത്സരങ്ങൾ ഇന്ന് ആരംഭിക്കും. ഫുട്‌ബോൾ മത്സരങ്ങളോടെയാണ് പാരിസിലെ ത്രില്ലർ പോരാട്ടങ്ങൾക്ക് തുടക്കമാകുക.

ഫ്രാൻസിലെ ഏഴു നഗരങ്ങളാണ് ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയാകുന്നത്.ആഗസ്റ്റ് 10നാണ് ഫുട്ബാൾ മത്സരങ്ങളുടെ കലാശപ്പോര്. അണ്ടർ -23 ടീമുകളാണ് പുരുഷ ഫുട്ബാളിൽ പങ്കെടുക്കുന്നതെങ്കിലും മൂന്നു സീനിയർ താരങ്ങളും ടീമിലുണ്ട്. ഇത് മത്സരങ്ങളുടെ ആവേശം വർധിപ്പിക്കും.

കോപ്പ കിരീട തിളക്കവുമായി എത്തുന്ന അർജന്റീനയാണ് ഇന്ന് കളത്തിലിറങ്ങും.ഫുട്‌ബോളിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന, മൊറോക്കോയെ നേരിടും. സെന്റ് എറ്റിയെനിലെ ജെഫ്റോയ്-ഗുയിച്ചാർ സ്റ്റേഡിയത്തിലാണ് മത്സരം കോപ്പ കിരീടം നേടിയ ടീമിലെ ജൂലിയൻ അൽവാരസും നിക്കോളാസ് ഒട്ടാമെൻഡിയും അർജന്റീന സംഘത്തിലുണ്ട്. 2023ലെ അണ്ടർ 23 ആഫ്രിക്ക കപ്പ് നേടിയ കരുത്തുമായാണ് മൊറൊക്കോ ഒളിംപിക്‌സിനിറങ്ങുന്നത്.

 

അതെസമയം യൂറോ ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തുന്ന സ്പെയിൻ ഉസ്ബെക്കിസ്ഥാനെ നേരിടും. ഗ്വിനിയ-ന്യൂസിലൻഡ്, ഈജിപ്റ്റ്-ഡോമിനിക്കൻ റിപ്പബ്ലിക്, ഇറാഖ്-യുക്രെയ്ൻ, ജപ്പാൻ-പരാഗ്വെ, ഫ്രാൻസ്-യു.എസ് മാലി-ഇസ്രേൽ മത്സരങ്ങളും ഇന്ന് നടക്കും. നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാനായില്ല. 16 ടീമുകൾ ആണ് ഒളിമ്പിക്‌സ് ഫുട്ബാളിൽ പങ്കെടുക്കുന്നത്.

യൂറോ കപ്പിൽ മിന്നിത്തിളങ്ങിയ ലാമിൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി എന്നിവരൊന്നും സ്പാനിഷ് ടീമിലില്ല. വൈകിട്ട് 6.30നാണ് ഫുട്‌ബോളിലെ രണ്ട് മത്സരങ്ങളും ആരംഭിക്കുക. 

മൊറോക്കോക്ക് പുറമെ ഇറാഖ്, യുക്രൈൻ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഗ്രൂപ്പ് ബിയിലാണ് മുൻ താരം ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജന്റീന. ഫ്രാൻസിന് ഗ്രൂപ്പ് എയിൽ അമേരിക്ക, ഗിനിയ,ന്യൂസിലൻഡ് എന്നിവർ എതിരാളികളാവും. ഗ്രൂപ്പ് സിയിൽ ഉസ്ബകിസ്ഥാന് പുറമെ ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവരാണ് സ്‌പെയിനിന്റെ ഗ്രൂപ്പിലുള്ളത്.

ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, പരാഗ്വെ, മാലി, ഇസ്രായേൽ എന്നിവർ ഏറ്റുമുട്ടും.ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഓരോ ടീമിനും 23 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്നുപേരെ കളിപ്പിക്കാം. റഗ്ബി മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും.

ഒളിമ്പിക്‌സ് ഫുട്‌ബോളിൽ കളിക്കാനിറങ്ങുന്ന അഞ്ചു സൂപ്പർ താരങ്ങൾ



ഹൂലിയൻ അൽവാരസ് (അർജൻറീന)

കോപ്പ അമേരിക്കയിൽ പതിനാറാം തവണയും മുത്തമിട്ട അർജൻറീന തന്നെയാണ് ഒളിമ്പിക്സ് ഫുട്ബാളിലെ ഫേവറൈറ്റുകൾ. ഖത്തർ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലുണ്ടായിരുന്ന നിക്കോളാസ് ഒട്ടമെൻഡി, ഗോൾ കീപ്പർ ജെറോണിമോ, മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ഹൂലിയൻ അൽവാരസ് എന്നിവരാണ് സ്ക്വാഡിലെ സീനിയർ താരങ്ങൾ. മൂന്നാം ഒളിമ്പിക്സ് സ്വർണം ലക്ഷ്യമിട്ടാണ് ഹവിയർ മഷറാനോയുടെ പരിശീലനത്തിൽ അർജൻറീന കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി 36 മത്സരങ്ങളിൽനിന്നായി 11 ഗോളുകളാണ് അൽവാരസ് നേടിയത്. സിറ്റിയുടെ പ്രീ സീസൺ മത്സരങ്ങളും മാഞ്ചസ്റ്റർ യുനൈഡിനെതിരായ കമ്യൂണിറ്റി ഷീൽഡ് പോരാട്ടവും താരത്തിന് നഷ്ടമാകും.

 

അലക്സാണ്ടർ ലകാസെറ്റ് (ഫ്രാൻസ്)

നാട്ടിൽ നടക്കുന്ന ഒളിമ്പിക്സിൽ ടീമിനെ നയിക്കാൻ ഭാഗ്യം കിട്ടിയതിൻറെ സന്തോഷത്തിലാണ് സൂപ്പർതാരം അലക്സാണ്ടർ ലകാസെറ്റ്. ഫ്രഞ്ച് ലീഗ് വണ്ണിൽ തകർപ്പൻ ഫോമിലുള്ള താരം, ലിയോണിനായി കഴിഞ്ഞ സീസണിൽ 25 മത്സരങ്ങളിൽനിന്ന് 22 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2017ലാണ് അവസാനമായി താരം ഫ്രഞ്ച് ദേശീയ ടീമിനൊപ്പം കളിച്ചത്. തിയറി ഹെൻറി പരിശീലിപ്പിക്കുന്ന ടീമിൽ സെവിയ്യയുടെ ലോയ്ക് ബേഡും ക്രിസ്റ്റൽ പാലസ് മുന്നേറ്റതാരം ജീൻ ഫ്രിലിപ്പെ മറ്റേറ്റയും സീനിയർ താരങ്ങളായി കളിക്കുന്നുണ്ട്. നേരത്തെ സൂപ്പർതാരം കിലിയൻ എംബാപ്പെ ടീമിനായി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, താരത്തിൻറെ റയലിലേക്കുള്ള കൂടുമാറ്റത്തോടെ അതിനുള്ള വാതിലുകൾ അടഞ്ഞു. ഒളിമ്പിക്സിനായി താരത്തെ വിട്ടുനൽകാൻ ക്ലബ് അനുമതി നൽകിയില്ല.

 

അഷ്റഫ് ഹക്കീമി (മൊറോക്കോ)

ഖത്തർ ലോകകപ്പിൽ മൊറോക്കോയുടെ ഹീറോയായ അഷ്റഫ് ഹക്കീമിയാണ് ഒളിമ്പിക്സിലെ മറ്റൊരു ശ്രദ്ധേയനായ താരം. പി.എസ്.ജി താരമായ ഹക്കീമിക്ക് ക്ലബിൻറെ പ്രീ സീസൺ മത്സരങ്ങൾ നഷ്ടമാകും. അണ്ടർ 23 ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളെന്ന നിലയിലാണ് മൊറോക്കോ ഇത്തവണ ഒളിമ്പിക്സിന് യോഗ്യത നേടിയത്.

 

ഫെർമിൻ ലോപ്പസ് (സ്പെയിൻ)

യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീമിൻറെ ഭാഗമായിരുന്നു സൂപ്പർ താരം ഫെർമിൻ ലോപ്പസും അലക്സ് ബെയ്നയും. 21കാരനായ വിങ്ങർ ലോപ്പസ് യൂറോ കപ്പിൽ ഒരു മത്സരത്തിൽ മാത്രമാണ് കളിക്കാനിറങ്ങിയത്. ബാഴ്സലോണ താരമായ ലോപ്പസ് കഴിഞ്ഞ സീസണിൽ 11 ഗോളുകളാണ് വിവിധ ചാമ്പ്യൻഷിപ്പുകളിലായി ബാഴ്സക്കുവേണ്ടി നേടിയത്. ഒരു വർഷം തന്നെ യൂറോ കപ്പും ഒളിമ്പിക്സ് കിരീടവും നേടുന്ന താരങ്ങളെന്ന റെക്കോഡ് ലക്ഷ‍്യമിട്ടാണ് ലോപ്പസും ബെയ്നയും കളത്തിലിറങ്ങുന്നത്.

 

നാബി കീറ്റ (ഗ്വിനിയ)

മുൻ ലിവർപൂൾ മിഡ്ഫീൽഡറായ നാബി കീറ്റയുടെ നേതൃത്വത്തിലാണ് ഗ്വിനിയ ഒളിമ്പികിസിൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഗ്വിനിയ രണ്ടാം തവണ മാത്രമാണ് ഒളിമ്പിക്സ് ഫുട്ബാളിന് യോഗ്യത നേടുന്നത്. നിലവിൽ ബുണ്ടസ് ലീഗ ക്ലബ് വെർഡർ ബ്രെമൻ താരമായ നാബി, കഴിഞ്ഞ സീസണിൽ പരിക്കും സസ്പെൻഷനും കാരണം അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ക്ലബിനായി കളിച്ചത്.

 

 

france argentina Olympic Football paris olympics 2024 spain