പാരിസ് : പാരാലിംപിക്സില്‍ ഇന്ത്യയ്ക്കായി നിഷാദ് കുമാര്‍ ചാടി പിടിച്ചത് വെള്ളി മെഡല്‍. ഇന്ത്യയുടെ ഏഴാം മെഡലാണ് നിഷാദ് കുമാര്‍ പുരുഷന്മാരുടെ ഹൈജംപ് ടി47 വിഭാഗത്തില്‍ നേടിയെടുത്തത്. 2.04 മീറ്ററോടെയാണ് താരം വെള്ളി ചാടിപിടിച്ചത്. പാരീസ് പാരാലിമ്പിക്‌സിലെ തന്നെ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.
നേരത്തേ, വനിതകളുടെ 200 മീറ്റര്‍ ടി35 ല്‍ ഇന്ത്യയുടെ പ്രീതി പാല്‍ വെങ്കലം നേടിയിരുന്നു. പാരീസില്‍ തന്റെ രണ്ടാം മെഡലാണ് പ്രീതി പാല്‍ സ്വന്തമാക്കിയത്. ഇതോടെ, രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലീറ്റായി പ്രീതി പാല്‍ ചരിത്രം സൃഷ്ടിച്ചു. 28.15 സെക്കന്‍ഡിലും 29.09 സെക്കന്‍ഡിലുമാണ് ചൈനീസ് താരങ്ങളായ സിയാ സോ, ഗുവോ ക്വിയാന്‍ക്യാന്‍ എന്നിവര്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്.
മൂന്നാം സ്ഥാനത്ത് എത്തിയ പ്രീതി 30.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിനിയായ പ്രീതിപാല്‍, സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. മേയില്‍ നടന്ന ലോക പാരാ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ഇതേ ഇനത്തില്‍ വെങ്കലം നേടിയിരുന്നു.