ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഭയന്ന് പാകിസ്താന്‍. നാലാം ദിവസം മത്സരം നിര്‍ത്തുമ്പോള്‍ പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന പരിതാപകരമായ നിലയിലാണ്. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവര്‍ക്ക് ഇനി വേണ്ടത് 115 റണ്‍സാണ്. ഒരു ദിവസം നാല് വിക്കറ്റും മാത്രം ബാക്കിയുള്ളതിനാല്‍ മത്സരം പാകിസ്താന്‍ കൈവിടാതിരിക്കാന്‍ മഹാത്ഭുതം തന്നെ സംഭവിക്കണം.
നേരത്തെ നാലാം ദിവസം രാവിലെ മൂന്നിന് 492 എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയും ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുമായപ്പോള്‍ ഇംഗ്ലണ്ട് വമ്പന്‍ ടോട്ടലിലേക്കെത്തി. 322 പന്ത് നേരിട്ട ഹാരി ബ്രൂക്ക് 29 ഫോറും മൂന്ന് സിക്‌സും സഹിതം 317 റണ്‍സെടുത്ത് പുറത്തായി. ജോ റൂട്ട് 375 പന്തില്‍ 262 റണ്‍സെടുത്തു. 17 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 454 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സെടുത്ത് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.
ബാറ്റിംഗ് പറുദീസയായ മുള്‍ട്ടാനിലെ വിക്കറ്റില്‍ പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയാണ് പാകിസ്താന്‍ നേരിട്ടത്. ആദ്യ പന്തില്‍ തന്നെ അബ്ദുള്ള ഷെഫീക്ക് പൂജ്യനായി മടങ്ങി. പിന്നാലെ സയീം അയൂബ് 29, ഷാന്‍ മസൂദ് 11, ബാബര്‍ അസം അഞ്ച്, സൗദ് ഷക്കീല്‍ 29, മുഹമ്മദ് റിസ്വാന്‍ 10 എന്നിവരും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 41 റണ്‍സുമായി സല്‍മാന്‍ ആഗയും 27 റണ്‍സുമായി ആമിര്‍ ജമാലുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിന്‍സണും െ്രെബഡന്‍ കാര്‍സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.