ഫ്ലോറിഡ: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ന് അമേരിക്ക അയർലൻഡിനെ നേരിടുമ്പോൾ നെഞ്ചിടിപ്പ് ബാബറിനും സംഘത്തിനുമാണ്.കാരണം അയർലൻഡ് അമേരിക്കയെ തോൽപിച്ചാൽ മാത്രമേ പാക്കിസ്ഥാന് സൂപ്പർ എട്ടിലെത്താനാൻ സാധിക്കൂ.
ഇന്ത്യയുടേതുൾപ്പെടെ ഇന് ഗ്രൂപ്പ് ഏയിൽ അവശേഷിക്കുന്നത് വെറും മൂന്ന് മത്സരമാണ്. അതിൽ ആദ്യത്തേതാണ് അമേരിക്ക അയർലൻഡ് പോരാട്ടം. ഇന്നത്തെ മത്സരത്തിൽ അമേരിക്ക വിജയിച്ചാൽ മൂന്ന് ജയവും 6 പോയൻറുമായി പാക്കിസ്ഥാനെ മറികടന്ന് അവർ സൂപ്പർ എട്ടിലെത്തും.ഇതോടെ പാകിസ്ഥാന്റെ ടി20 പ്രതീക്ഷകളും അവസാനിക്കും.
ഇന്ന് അമേരിക്ക അവസാന മത്സരത്തിൽ അയർലൻഡിനെതിരെ ജയിച്ചാൽ പോലും പാക്കിസ്ഥാന് പരമാവധി 4 പോയൻറെ നേടാനാവൂ. അമേരിക്കക്കെതിരെ അയർലൻഡാണ് ജയിക്കുന്നതെങ്കിൽ സൂപ്പർ 8 ലൈനപ്പറിയാൻ ഗ്രൂപ്പിലെ അവസാന മത്സരം വരെ കാത്തിരിക്കണം. 16ന് നടക്കുന്ന പാക്കിസ്ഥാൻ-അയർലൻഡ് മത്സര ശേഷം റൺ റേറ്റിൻറെ കളിയും കഴിഞ്ഞേ സൂപ്പർ എട്ടിലേക്കാരെന്ന് ഉറപ്പിക്കാനാവൂ.
അതെസമയം അമേരിക്ക, അയർലൻഡ് മത്സരം മഴ മകാരണം ഉപേക്ഷിക്കേണ്ടിവന്നാലും പാക്കിസ്ഥാന് സൂപ്പർ എട്ടിലെത്താൻ സാധിക്കില്ല. ഫ്ലോറിഡയിൽ ഇന്ന് ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. മത്സരം ഉപേക്ഷിച്ചാൽ 5 പോയൻറുമായി അമേരിക്ക സൂപ്പർ എട്ടിലേക്കെത്തും. പാക്കിസ്ഥാനെ തോൽപിച്ച, ഇന്ത്യയെ വിറപ്പിച്ച അമേരിക്ക അയർലൻഡിനെതിരെ തോൽക്കാൻ വിദൂര സാധ്യതമാത്രമാണെന്നിരിക്കെ പാക്കിസ്ഥാൻറെ ലോകകപ്പ് മോഹങ്ങൾ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിക്കാനാണ് സാധ്യത.
സൂപ്പർ 8ൽ എത്താതെ പുറത്തായാൽ ക്യാപ്റ്റൻ ബാബർ അസമിൻറെ ഭാവിയും തുലാസിലാകും. ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ തന്നെ പാക് ടീമിലെ പടലപ്പിണക്കങ്ങൾ പുറത്തുവന്നിരുന്നു. സൂപ്പർ 8ൽ എത്താതെ പുറത്തായാൽ ടീമിൽ ആഭ്യന്തര കലഹം രൂക്ഷമാകുമെന്നാണ് റിപ്പോർട്ട്. ഏകദിന ലോകകപ്പ് തോൽവിക്ക് പിന്നാലെ ബാബറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ഷഹീൻ അഫ്രീദിയെ ടി20 ടീമിൻറെ നായകനാക്കിയെങ്കിലും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ അഫ്രീദിയെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുകയായിരുന്നു.