ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്താന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ പാകിസ്താന്‍ 274 റണ്‍സില്‍ ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ്.
മത്സരത്തിന്റെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം ദിനം ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്താനെ ബാറ്റിംഗിന് അയച്ചു. 58 റണ്‍സെടുത്ത സയീം അയൂബ്, 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, 54 റണ്‍സെടുത്ത സല്‍മാന്‍ അലി ആഗ എന്നിവര്‍ മാത്രമാണ് പാകിസ്താന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മോശം പ്രകടനം തുടരുന്ന ബാബര്‍ അസം 31 റണ്‍സെടുത്ത് പുറത്തായി.
കഴിഞ്ഞ മത്സരത്തിലെ പോരാട്ടവീര്യം മുഹമ്മദ് റിസ്വാന് രണ്ടാം ടെസ്റ്റില്‍ തുടരാനായില്ല. 29 റണ്‍സ് മാത്രമാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ റിസ്വാന് നേടാന്‍ കഴിഞ്ഞത്. ബംഗ്ലാദേശിനായി മെഹിദി ഹസ്സന്‍ മിറാസ് അഞ്ച് വിക്കറ്റുകളും ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. നാഹിദ് റാണയും ഷക്കീബ് അല്‍ ഹസ്സനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.