ആദ്യദിനം മഴ കളിച്ചു; ബംഗ്ലാദേശ് മൂന്നിന് 107

കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം സെഷന്‍ ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയാണ് വീണ്ടും മഴയെത്തിയത്. ഇതോടെ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു.

author-image
Prana
New Update
india-bangla

കാന്‍പുര്‍: ഇന്ത്യ  ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തടസപ്പെടുത്തി വീണ്ടും മഴ. കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം സെഷന്‍ ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയാണ് വീണ്ടും മഴയെത്തിയത്. ഇതോടെ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്. 40* റണ്‍സുമായി മോമിനുള്‍ ഹഖും ആറു റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമുമാണ് ക്രീസില്‍.
ഓപ്പണര്‍മാരായ സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (31) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. സാക്കിറിനെയും ഷദ്മാനെയും ആകാശ് ദീപ് പുറത്താക്കി. ഷാന്റോയെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
നേരത്തേ 29 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് കാത്തത് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോമിനുള്‍  ഷാന്റോ കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കാന്‍പുരിലെ കാലാവസ്ഥ മുതലെടുക്കാമെന്ന് കരുതിയാണ് ടോസ് നേടിയിട്ടും രോഹിത് ബൗളിങ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും ക്ഷമയോടെ പിടിച്ചുനിന്ന മോമിനുളും ഷാന്റോയും ബംഗ്ലാദേശിനെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ കാത്തു.
ചെന്നൈ ടെസ്റ്റിലെ ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ല. അതേസമയം ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ ഗ്രീക്ക് പാര്‍ക്ക് സ്‌റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം ആരംഭിക്കാന്‍ വൈകിയിരുന്നു. വ്യാഴാഴ്ച രാത്രി ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. ആദ്യ മൂന്നുദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

 

cricket test rain India vs Bangladesh kanpur