വേദനയില്‍ പോരാടി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് മത്സരത്തില്‍ നിന്ന് പിന്മാറി. പരിക്ക് വില്ലനായിട്ടു കൂടി അവസാന 5 സെറ്റ് മാരത്തോണ് പോരാട്ടമായിരുന്നു ജോക്കോവിച്ച് കാഴ്ചവെച്ചിരുന്നത്. ഇന്നാണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നത് താരം അറിയിച്ചത്. ഇതോടെ ജോക്കോവിച്ചിന്റെ ഒന്നാം നമ്പര്‍ പദവി നഷ്ടപ്പെട്ടു. താരത്തിന്റെ പിന്മാറ്റത്തോടെ ഏഴാം സീഡ് കാസ്പര്‍ റൂഡ് സെമിഫൈനലിലേക്ക് മുന്നേറി. ജോക്കോവിച്ചിന് നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍ എത്തും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ദിമിത്രോവിനെ തകര്‍ത്ത സിന്നര്‍ തന്റെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 6-2, 6-4, 7-6 എന്ന സ്‌കോറിന് ആയിരുന്നു സിന്നറിന്റെ മുന്നേറ്റം. സെമിയില്‍ 5 സെറ്റ് പോരാട്ടത്തില്‍ 13 സീഡ് ഹോള്‍ഗര്‍ റൂണെയെ മറികടന്ന നാലാം സീഡ് സാഷ സെരവിനെ ആണ് സിന്നര്‍ നേരിടുക. അതേസമയം, വനിതകളുടെ ആദ്യ സെമിയില്‍ ഒന്നാം സീഡ് ഇഗ സ്വിറ്റെകും മൂന്നാം സീഡ് കൊക്കോ ഗോഫും തമ്മില്‍ ഏറ്റുമുട്ടും. മികച്ച ഫോമിലുള്ള ഇരു താരങ്ങളും തമ്മില്‍ കനത്ത പോരാട്ടമായിരിക്കും.