സിഡ്‌നി: ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്കായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയിലെത്തി പരമ്പര തൂത്തുവാരിയ ഇന്ത്യ ഇത്തവണ ഹാട്രിക് കിരീടമെന്ന ലക്ഷ്യവുമായാണ് ഓസീസിനെതിരെ കളത്തിൽ ഇറങ്ങുന്നത്.അതെസമയം അവസാന രണ്ട് തവണത്തെ നാണക്കേടിന് ഇത്തവണ പകരം വീട്ടാനാണ് ഓസീസിന്റെ തീരുമാനം.
രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിരാട് കോലി, ശുബ്മാൻ ഗിൽ, കെ എൽ രാഹിൽ, റിഷഭ് പന്ത് എന്നിവരുൾപ്പെടെ കരുത്തരായ താരങ്ങളാണ് ഇറങ്ങുന്നത്. അവസാന രണ്ട് തവണയും ഇന്ത്യ കിരീടം നേടിയപ്പോൾ റിഷഭ് പന്തിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിർണ്ണായകമായിരുന്നു. ഇത്തവണയും റിഷഭിന്റെ ബാറ്റിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ പരിക്കിന്റെ ഇടവേളക്ക് ശേഷം എത്തുന്ന റിഷഭിന്റെ സമീപകാല പ്രകടനങ്ങളൊന്നും മികച്ചതല്ല.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആശങ്കകളേറെയാണ്. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങളിൽ ഓസ്‌ട്രേലിയ കൂടുതൽ കരുതിയിരിക്കുന്ന ബാറ്റ്‌സ്മാൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂപ്പർ സ്പിന്നറായ നതാൻ ലിയോൺ. അത് രോഹിത്തോ കോലിയോ റിഷഭോ അല്ല,മറിച്ച് യശ്വസി ജയ്‌സ്വാൾ ആണെന്നാണ് ലിയോൺ തുറന്നു പറയുന്നത്. 'ജയ്‌സ്വാളിനെതിരേ ഇതുവരെ ഞാൻ പന്തെറിഞ്ഞിട്ടില്ല. എന്നാൽ അവൻ ഞങ്ങളുടെ ബൗളർമാർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നവനാണ്.
ഇംഗ്ലണ്ടിനെതിരേ അവൻ എത്ര മികച്ച പ്രകടനമാണ് നടത്തിയതെന്ന് നോക്കുക. അവന്റെ പ്രകടനം ഞാൻ ശ്രദ്ധയോടെ നോക്കിയിരുന്നു. അവൻ വളരെ പ്രതിഭാശാലിയാണ്. ഇംഗ്ലണ്ട് സ്പിന്നർ ടോം ഹാർട്ട്‌ലിയുമായി ഞാൻ സംസാരിച്ചിരുന്നു. ജയ്‌സ്വാളിന്റെ ബാറ്റിങ് രീതിയെക്കുറിച്ച് അവൻ പറഞ്ഞത് കൗതുകകരമായ കാര്യമായിരുന്നു. ഇത്തവണ മികച്ച മുന്നൊരുക്കത്തോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്. 10 വർഷത്തോളമായി പൂർത്തിയാകാത്ത ബിസിനസാണിത്.
അതുകൊണ്ടുതന്നെ വിജയത്തിലേക്കെത്താൻ അതിയായ വിശപ്പ് ഞങ്ങൾക്കുണ്ട്. പ്രത്യേകിച്ച് നാട്ടിൽ നടക്കുന്ന മത്സരമാകുമ്പോൾ. എന്നാൽ ഇന്ത്യ അതിശക്തരായ താരങ്ങളുടെ നിരയാണ്. പരമ്പര ട്രോഫി തിരിച്ചുപിടിക്കാൻ ശക്തമായിത്തന്നെ ഞങ്ങൾ ശ്രമിക്കും' ലിയോൺ പറഞ്ഞു. ജയ്‌സ്വാൾ ഇതിനോടകം എല്ലാവരേയും ഞെട്ടിച്ച താരമാണ്. ഭയമില്ലാതെ കടന്നാക്രമിക്കുന്ന ഇടം കൈയൻ ബാറ്റ്‌സ്മാൻ പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടാൻ മിടുക്കനാണ്.
കടന്നാക്രമിച്ച് കളിക്കാൻ അസാധ്യ മികവാണ് ജയ്‌സ്വാളിനുള്ളത്. പേസ് പിച്ചിൽ മികച്ച പുൾഷോട്ടുകളിലൂടെ റൺസുയർത്താനും ജയ്‌സ്വാളിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ പെട്ടെന്ന് എതിരാളികൾക്ക് സമ്മർദ്ദം സൃഷ്ടിക്കാൻ ജയ്‌സ്വാളിന് സാധിക്കും. റിഷഭ് പന്താണ് അവസാന രണ്ട് തവണയും മാച്ച് വിന്നറായതെങ്കിൽ ഇത്തവണ ജയ്‌സ്വാൾ ആ റോളിലേക്ക് എത്താനാണ് സാധ്യത കൂടുതൽ. അവസാന ഇംഗ്ലണ്ട് പരമ്പരയിൽ ജയ്‌സ്വാൾ തകർപ്പൻ പ്രകടനമാണ് നടത്തിയത്.
എന്നാൽ ഇന്ത്യയിൽ നടത്തിയ ഈ പ്രകടനം പ്രയാസമുള്ള ഓസ്‌ട്രേലിയയിലെ പിച്ചിൽ നടത്താൻ ജയ്‌സ്വാളിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓസീസ് പിച്ചുകളെല്ലാം പേസിനെ തുണക്കുന്നതാണ്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവരെല്ലാം മികച്ച റെക്കോഡുള്ള പേസർമാരാണ്. ഇവരെല്ലാം ചേർന്ന് ഇന്ത്യയെ ഇത്തവണ ഞെട്ടിക്കാനാണ് സാധ്യത കൂടുതൽ. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ പ്രതീക്ഷക്കൊത്തുള്ളതല്ല.
റിഷഭ് പന്ത് പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് തിരിച്ചുവന്നത്. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം ശരാശരി മാത്രമാണ്. ഇത്തവണ റിഷഭിൽ നിന്നുള്ള അത്ഭുത ഇന്നിങ്‌സ് ഓസ്‌ട്രേലിയയിൽ പ്രതീക്ഷിക്കാനാവില്ല. രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിർണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.