ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർ താരങ്ങളിലൊരാളെന്ന് പ്രതീക്ഷിക്കുന്ന താരമാണ് ഫിനിഷിങിലെ പുതിയ സെൻസേഷനെന്നു വിശേഷിപ്പിക്കുന്ന റിങ്കു സിങ്.കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹം വളരെ പെട്ടെന്നാണ് ടീമിലെ നിർണായക സാന്നിധ്യമായി മാറിയത്. വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും ടീമിനെ വിജയിപ്പിക്കാനുള്ള കഴിവാണ് റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ഇപ്പാഴിതാ തന്റെ ഫേവറിറ്റ് ക്യാപ്റ്റനെയും ആരാധിക്കുന്ന ബാറ്ററെയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു.
ഇഷ്ടപ്പെട്ട ക്യാപ്റ്റനും ബാറ്ററുമെല്ലാം ഒരാൾ തന്നെയാണെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസ്24 സ്‌പോർട്‌സിനു (News24 Sports) നൽകിയ അഭിമുഖത്തിലാണ് ഫേവറിറ്റ് ക്യാപ്റ്റനെക്കുറിച്ച് റിങ്കു തുറന്നു പറഞ്ഞത്. മുൻ ഇതിഹാസ നായകൻ എംഎസ് ധോണിയോ, മറ്റൊരു മുൻ ക്യാപ്റ്റൻ വിരാട് കോലിയോ അല്ല, മറിച്ച് നിലവിലെ ക്യാപ്റ്റനായ രോഹിത്താണ് ഫേവറിറ്റെന്നാണ് റിങ്കു വെളിപ്പെടുത്തിയത്. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
രോഹിത് ശർമയുടെ ക്യാപ്റ്റൻസി തനിക്കു ഏറെ ഇഷ്ടമാണെന്നാണ് റിങ്കു പറയുന്നത്. രോഹിത് ഭയ്യയുടെ ക്യാപ്റ്റൻസി വളരെ ഇഷ്ടമാണ്. ടീമിനെ മികച്ച രീതിയിലാണ് അദ്ദേഹം മുന്നോട്ടു കൊണ്ടു പോവാറുള്ളതെന്നും താരം പറഞ്ഞു. ബാറ്ററെന്ന നിലയിൽ താൻ കാണാൻ ഇഷ്ടപ്പെടുന്നതും രോഹിത്തിന്റെ പ്രകടനമാണെന്നു അദ്ദേഹം വ്യക്തമാക്കി.
രോഹിത് ഭയ്യയുടെ ബാറ്റിങ് ഗംഭീരമാണ്. വേറെ ലെവലെന്നു തന്നെ അദ്ദേഹത്തിന്റെ ബാറ്റിങിനെക്കുറിച്ചു പറയാം. രോഹിത്തിന്റെ ചില ഷോട്ടുകൾ കളിക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും റിങ്കു ചൂണ്ടിക്കാട്ടി.കഴിഞ്ഞ വർഷം ആഗസ്റ്റിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്കു കീഴിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ റിങ്കു അരങ്ങേറിയത്. അയർലാൻഡുമായി അവരുടെ നാട്ടിൽ നടന്ന ടി20 പരമ്പരയിലൂടെയായിരുന്നു ഇത്. കന്നി പരമ്പരയിൽ തന്നെ ചില മികച്ച ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ടീമിൽ സ്ഥാനമുറപ്പിക്കുകയും ചെയ്തു.
രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ റിങ്കു ആദ്യമായി കളിച്ചത് ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്താനെതിരേ നാട്ടിൽ നടന്ന മൂന്നു മൽസരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു. മിന്നുന്ന പ്രകടനം റിങ്കു കാഴ്ചവയ്ക്കുകയും ചെയ്തു. ഈ വർഷം നടന്ന ടി20 ലോകകപ്പിൽ അദ്ദേഹം ഉറപ്പായും ഇന്ത്യൻ ടീമിലുണ്ടാവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും തഴയപ്പെടുകയായിരുന്നു. റിസർവ് ലിസ്റ്റിലാണ് അദ്ദേഹത്തിനു ഇടം പിടിക്കാനായത്.
മികച്ച ഫിനിഷർ കൂടിയായ റിങ്കുവിനെ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും തഴഞ്ഞതിനതിരേ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. രോഹിത്, ബുംറ എന്നിവരെക്കൂടാതെ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുടെ ക്യാപ്റ്റൻസിയിലും റിങ്കു ഇതിനകം കളിച്ചുകഴിഞ്ഞു.
റിങ്കുവിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാൽ വൈറ്റ് ബോൾ ഫോർമാറ്റുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്. ടി20യിൽ 23 മൽസരങ്ങളിലായി 17 ഇന്നിങ്‌സുകളിൽ താരം ബാറ്റ് ചെയ്തിട്ടുണ്ട്. 59.71 എന്ന മികച്ച ശരാശരിയിൽ 174.17 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 418 റൺസും സ്‌കോർ ചെയ്തു. രണ്ടു ഫിഫ്റ്റികൾ ഉൾപ്പെടെയാണിത്.
ഏകദിനത്തിലാവട്ടെ രണ്ടു മൽസരങ്ങൾ മാത്രമേ റിങ്കു കളിച്ചിട്ടുള്ളൂ. 27.5 ശരാശരിയിൽ 55 റൺസാണ് അദ്ദേഹം നേടിയത്. വൈകാതെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറാമെന്ന പ്രതീക്ഷയിലാണ് 26കാരനായ റിങ്കു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രദേശിനൊപ്പം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.