മുംബൈ: ലോകത്തെ എക്കാലത്തെയും മികച്ച പേസ് ബൗളററിലൊരാളാണ് ജെയിംസ് ആൻഡേഴ്‌സൻ. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം 2024ലിൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്റെ വിടവാങ്ങൽ ടെസ്റ്റ് കളിച്ച് 704 വിക്കറ്റുകളാണ് ഫോർമാറ്റിൽ നിന്നും നേടിയത്. ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുള്ള ഫാസ്റ്റ് ബൗളറാകാനും താരത്തിന് കഴിഞ്ഞിരുന്നു. സ്വിങ്ങിങ് പന്തുകൾക്കൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിച്ചിരുന്ന ആൻഡേഴ്‌സൻ ടെസ്റ്റിൽ അതുല്യ കരിയർ സൃഷ്ടിച്ചാണ് കരിയറിനോട് വിടപറഞ്ഞത്.
704 വിക്കറ്റുകളാണ് അദ്ദേഹം ടെസ്റ്റിൽ മാത്രം വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് അകലെ ഷെയ്ൻ വോണിന്റെ റെക്കോഡ് തകർത്ത് വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തേക്കെത്താനുള്ള അവസരം ആൻഡേഴ്‌സനുണ്ടായിരുന്നെങ്കിലും അതിന് കാത്തുനിൽക്കാതെ ആൻഡേഴ്‌സൻ വിരമിക്കൽ പ്രഖ്യാപിച്ചു. നിരവധി ഇതിഹാസ ബാറ്റ്‌സ്മാൻമാർക്കെതിരേ പന്തെറിയാൻ ആൻഡേഴ്‌സന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിൽ കണ്ട എക്കാലത്തേയും മികച്ച ചേസ് മാസ്റ്റർ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡേഴ്‌സൻ.
അത് എംഎസ് ധോണിയോ ബെൻ സ്‌റ്റോക്‌സോ അല്ലെന്നും വിരാട് കോലിയാണെന്നുമാണ് ആൻഡേഴ്‌സൻ പറയുന്നത്. റൺസ് പിന്തുടരുന്നതിൽ പകരക്കാരനില്ലാത്ത ഇതിഹാസം വിരാട് കോലിയാണെന്നാണ് ആൻഡേഴ്‌സൻ പറയുന്നത്. 'വെള്ള ബോൾ ക്രിക്കറ്റിലെ റൺചേസിൽ വിരാട് കോലിയെക്കാൾ മികച്ചൊരു ബാറ്റ്‌സ്മാനുണ്ടെന്ന് കരുതുന്നില്ല. എന്നാണ് ആൻഡേഴ്‌സൻ പറഞ്ഞത്. എന്നാൽ കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ ബൗളർമാരിലൊരാളാണ് ആൻഡേഴ്‌സൻ.
ഏഴ് തവണയാണ് ആൻഡേഴ്‌സന് മുന്നിൽ കോലി കുടുങ്ങിയത്. ആൻഡേഴ്‌സൻ ഏറ്റവും ആധിപത്യം കാട്ടിയ ബാറ്റർമാരിലൊരാളായിരുന്നു കോലിയെങ്കിലും അദ്ദേഹത്തിന്റെ റൺസ് പിന്തുടരാനുള്ള കഴിവ് അപാരമാണെന്നാണ് ആൻഡേഴ്‌സൻ പറയുന്നത്. കോലിയുടെ ഈ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. പ്രധാന മത്സരങ്ങളിലടക്കം റൺസ് പിന്തുടരാൻ കോലിക്ക് അസാധ്യ മികവാണുള്ളത്. കോലി കരിയറിന്റെ തുടക്ക സമയം മുതൽ റൺസ് പിന്തുടരുമ്പോൾ പ്രത്യേക ബാറ്റിങ് മികവ് കാട്ടിയിരുന്നു.
ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാൻ കോലിയാണ്. ടി20 ലോകകപ്പിൽ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയത്തിലേക്കെത്തിക്കാൻ കോലിക്ക് സാധിച്ചിരുന്നു. ഒരുവശത്ത് വിക്കറ്റ് പോവുമ്പോഴും പിടിച്ചുനിന്ന് കളിക്കാനുള്ള കോലിയുടെ മികവ് എടുത്തു പറയേണ്ടതാണ്. നിലയുറപ്പിച്ചാൽ കോലിയുടെ വിക്കറ്റ് നേടുകയെന്നത് അസാധ്യമാണ്. അത്രത്തോളം സാങ്കേതിക മികവോടെ കളിക്കുന്ന താരമാണ് കോലിയെന്ന് പറയാം.
അവസാന ടി20 ലോകകപ്പോടെ കോലി ടി20 കരിയർ അവസാനിപ്പിച്ചു. ഇപ്പോൾ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് കോലി കളിക്കുന്നത്. അടുത്ത ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിനൊപ്പം കോലിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാം. കോലി ക്രീസിൽ നിൽക്കുന്നിടത്തോളം എതിരാളികളുടെ ഉള്ളിൽ തോൽവി ഭയം ഉണ്ടാകുമെന്ന് പറയാം. ഏകദിനത്തിൽ ഇതിനോടകം നിരവധി റെക്കോഡുകൾ കോലി സ്വന്തമാക്കിക്കഴിഞ്ഞു. ആരും തകർക്കില്ലെന്ന് കരുതിയ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറി റെക്കോഡ് കോലി തകർന്നു.
80 അന്താരാഷ്ട്ര സെഞ്ച്വറികളാണ് കോലിയുടെ പേരിലുള്ളത്. 21 സെഞ്ച്വറിയകലെ സച്ചിന്റെ സെഞ്ച്വറി റെക്കോഡും തകർക്കാൻ കോലിക്ക് സാധിക്കും. മികച്ച ഫിറ്റ്‌നസുള്ള കോലിയിൽ ഇനിയും ബാല്യം ശേഷിക്കുന്നുണ്ടെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വരാനിരിക്കെ കോലിയിലാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. സമീപകാലത്തെ കോലിയുടെ പ്രകടനം അൽപ്പം മോശമാണ്. ശക്തമായ തിരിച്ചുവരവ് നടത്തി ഇനിയും അഞ്ച് വർഷമെങ്കിലും കോലിക്ക് ഇന്ത്യൻ ടീമിനൊപ്പം തുടരാനാവുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോഴും ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് കോലി. അതുകൊണ്ടുതന്നെ മാനസികമായി കരുത്തുള്ളിടത്തോളം കോലിക്ക് ഇന്ത്യൻ ടീമിനൊപ്പം തുടരാനാവുമെന്ന് പറയാം. എന്തായാലും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് കോലിയെന്ന കാര്യത്തിൽ തർക്കമില്ല.