ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യപരിശീലകന്റെ ചുമതല വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നവംബറില്‍ ആരംഭിക്കുന്ന പരമ്പരയിലാണ് ഗൗതം ഗംഭീറിന് പകരക്കാരനായി ലക്ഷ്മണെത്തുന്നത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലേക്ക് പോകേണ്ടതിനാലാണ് ഗംഭീറിന് പകരം പരിശീലകനെ ബി.സി.സിഐ തീരുമാനിച്ചത്. ക്രിക്ക്ബസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്. ഓസീസുമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബര്‍ 22 ന് ആരംഭിക്കും. ഇതിന് മുമ്പും ഇന്ത്യയ്ക്കായി പരിശീലകറോളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട് ലക്ഷ്മണ്‍. ഈ വര്‍ഷം ജൂലൈയില്‍ സിംബാബ്വെയ്‌ക്കെതിരേയാണ് ലക്ഷ്മണ്‍ അവസാനമായി പരിശീലകറോളിലെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചു. ജിതേഷ് ശര്‍മയും ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രമണ്‍ദീപ് സിങ്ങും വിജയകുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍.
ടീം: സുര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ആക്ഷര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.